23-thiruvalla-busstand-1

തിരുവല്ല : കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്താകമാനം നടപ്പിലാക്കിയ 14 മണിക്കൂർ ജനതാ കർഫ്യുവിൽ താലൂക്ക് ആകമാനം നിശ്ചലമായി. ഗ്രാമീണ മേഖലകളിലടക്കം പെട്ടിക്കടകൾ ഉൾപ്പടെയുള്ള കട കമ്പോളങ്ങൾ എല്ലാം അടഞ്ഞുകിടന്നു. അപൂർവ്വമായി ചില ഇരുചക്ര വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും ഒഴിച്ചാൽ നിരത്തുകൾ പൂർണ്ണമായും വിജനമായിരുന്നു. ആംബുലൻസ് പോലെയുള്ള അവശ്യ സർവ്വീസുകൾ മുടക്കം കൂടാതെ നടന്നു. കെ.എസ്.ആർ.ടി.സി സ്വകാര്യ ബസ് സർവ്വീസുകൾ പൂർണമായും നിലച്ചു. റെയിൽവേ സ്റ്റേഷനിലും തിരക്ക് പൊതുവേ കുറവായിരുന്നു. താലൂക്കിലെ ആരാധനാലയങ്ങളിലും വിശ്വാസികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. താലൂക്കിലെ ഒട്ടുമിക്ക ആരാധനാലയങ്ങളിലും 31 വരെ വിശ്വാസികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിരത്തുകളിൽ അനാവശ്യമായി ചുറ്റിക്കറങ്ങുന്നവരെ വീടുകളിലേക്ക് തിരികെ അയക്കുന്നതിനായി പൊലീസ് സംഘം പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് നിലയുറപ്പിച്ചിട്ടുണ്ട്.