അടൂർ : ചിറ്റയം ഗോപകുമാർ എം.എൽ.എ ഇന്നലെ വീട്ടിലായിരുന്നു. രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം മക്കളായ അമൃതയും അനൂജയും പിതാവിനൊപ്പം ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു. ഉച്ചയ്ക്ക് രണ്ടര മുതൽ നാല് മണിവരെ ഉച്ചയുറക്കം.ജനപ്രതിനിധിയായ ശേഷം ഇതൊരു അപൂർവ്വ ദിവസമായിരുന്നു. ഹർത്താൽ ദിനങ്ങളിൽ പോലും യാത്രയിലും പല ചടങ്ങളുകളിലും പങ്കെടുക്കേണ്ടി വരുന്നതിനാൽ പകൽ സമയത്തെ വീട്ടിലുള്ള വിശ്രമം അപൂർവ്വമാണ്. അതിനെല്ലാം ഇന്നലെ സമയം ലഭിച്ചു, ചിറ്റയം പറഞ്ഞു. വൈകിട്ട് അഞ്ചുമണിക്ക് വീടിന്റെ പൂമുഖത്ത് എത്തി ഭാര്യ ഷേർളി ഭായിക്കൊപ്പം കൈകൾ കൂട്ടിയടിച്ച് കൊറോണാ വ്യാപനത്തിനെതിരെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.