മല്ലപ്പള്ളി: നവമാദ്ധ്യമങ്ങളിലൂടെയും ഫോണിലൂടെയും പരക്കുന്ന അഭ്യൂഹങ്ങൾ മൂലം ജനം പരിഭ്രാന്തിയിലാകുന്നു. പരിയാരത്ത് ഇന്നലെ രാവിലെ വൃദ്ധ ഹൃദയസ്തംഭനം മൂലം മരിച്ചത് വൈറസ്ബാധ മൂലമാണെന്ന് പറഞ്ഞു പരത്തി. പിന്നീട് കീഴ്വായ്പ്പൂര് പാറക്കടവിൽ മൂങ്ങിമരിച്ച നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു അടുത്തത്. മല്ലപ്പള്ളി ഈസ്റ്റിൽ നിന്ന് ആശുപത്രി നിരീക്ഷണത്തിലുള്ള ആൾക്ക് കൊറോണാ സ്ഥിരീകരിച്ചെന്നുള്ള വാർത്ത തൊട്ടുപിന്നാലെ, വിവിധ പെന്തക്കോസ്തു പള്ളികളിൽ ആളുകൾ കൂടി ആരാധന നടത്തുവെന്ന പ്രചരണം അന്വേഷിച്ചുചെന്ന ഉദ്യോഗസ്ഥർക്ക് അടച്ചിട്ട ആരാധനാലയങ്ങളാണ് കാണുവാൻ സാധിച്ചത്. വൈകുന്നേരത്തോടെ ജില്ലാ അതിർത്തി അടയ്ക്കുന്നു നെടുങ്ങാടപ്പള്ളിയിൽ പൊലീസ് ഗേറ്റ് സ്ഥാപിക്കാൻ പുറപ്പെട്ടെന്ന് വരെയായി. വ്യാപാരികൾക്ക് കട തുറക്കാൻ സാധിക്കുമോ എന്ന് ആശങ്ക. ജനത്തിന് സാധനങ്ങൾ ലഭിക്കാതെ വരുമോയെന്ന് ഭയം. ഇന്നലെ വിജനമായ മല്ലപ്പള്ളി താലൂക്ക് പ്രദേശത്ത് അത്യാവശ്യ കാര്യങ്ങൾക്ക് ഇരുചക്ര വാഹനങ്ങളിൽ ഇറങ്ങിയ ചുരുക്കം ആളുകൾ മാത്രമാണ് സഞ്ചരിച്ചത്. മിൽമയുടെ ക്ഷീരസംഘങ്ങൾ ഇന്നലെ തുറന്നു പ്രവർത്തിച്ചു. മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഒന്നും തുറന്നില്ല. ടൗണിലൂടെ കടന്നുപോയവരെ പൊലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പുലർച്ച മുതൽ പരിശോധിച്ചാണ് കടത്തിവിട്ടത്. പുല്ലുകുത്തിയിൽ കൂട്ടംകൂടി കളിച്ചിരുന്ന യുവാക്കളെ പൊലീസ് തിരിച്ചയച്ചു. കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ വിവിധ സ്ഥലങ്ങളിൽ തകർന്ന വൈദ്യുതിബന്ധം കർഫ്യൂ അവഗണിച്ച് വൈദ്യുതി വകുപ്പ് ജീവനക്കാർ പുന:സ്ഥാപിച്ചു.