പന്തളം: അച്ചൻകോവിലാറ്റിൽ തുരിശ് കലക്കി മത്സ്യം പിടിക്കാൻ എത്തിയവരുടെ ഫൈബർ വള്ളവും, വലയും തുരിശും പന്തളം പൊലീസ് പിടികൂടി. മുളമ്പുഴ മണപ്പാട്ട് കടവിലാണ് നിയമവിരുദ്ധമായി ആറ്റിൽ വിഷം കലക്കി മീൻ പിടിക്കാൻ ശ്രമമുണ്ടായത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. തുടർന്ന് മത്സ്യം പിടിക്കാനെത്തിയവർ ഓടി രക്ഷപ്പെട്ടു. പുഴയിൽ ജലനിരപ്പ് കുറഞ്ഞതോടെ തുരിശ്,നഞ്ച്, അമോണിയ മുതലയവ കലക്കി മത്സ്യം പിടിക്കുന്നത് പതിവാണ്. കിണറുകളിലെ വെള്ളം വറ്റിത്തുടങ്ങിയതു കാരണം ജനങ്ങൾ കുളിക്കാനും വസ്ത്രമലക്കാനുമെല്ലാം പുഴയിലെ വെള്ളമാണ് ആശ്രയിക്കുന്നത്. കന്നുകാലികളെ കുളിപ്പിക്കുന്നതും പുഴയിലാണ്. കുളിക്കുന്നവർക്ക് ചൊറിച്ചിലുൾപ്പെടെയുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നതായും പാരാതിയുണ്ട്.മത്സ്യങ്ങൾ ചത്തളിഞ്ഞും വെള്ളം മലിനമാകുകയാണ്.ദുർഗന്ധവും രൂക്ഷമാണ്. പന്തളം കുടിവെള്ള പദ്ധതിയെയും ഇതു സാരമായി ബാധിക്കുന്നു. വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് വെള്ളമെത്തിക്കുന്ന പമ്പ് ഹൗസ് മങ്ങാരം പുളിമൂട്ടിൽ കടവിലാണ്.പന്തളം നഗരസഭയിലെ കുടിവെള്ള പദ്ധതി എന്നതിലുപരി പത്തനംതിട്ടയിലെ മിൽമ പ്ലാന്റിലേക്കു വെള്ളം കൊണ്ടു പോകുന്നത് ഇവിടെ നിന്നാണ്. വരൾച്ച കടുക്കുമ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുടിവെള്ളമെത്തിക്കുന്നതും ഇവിടെ നിന്നാണ്. മീൻ പിടിക്കാനായി വിഷം കലക്കിയതു കാരണം കഴിഞ്ഞ മാസം ഇവിടെ പമ്പിംഗ് മുടങ്ങിയ സംഭവമുണ്ട്.