അടൂർ: സമയം രാത്രി 9 മണി, കെ. എസ്. ആർ.ടി.സി കോർണറിൽ എത്തിയ വാഹനം യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെ തടഞ്ഞ ജീവനക്കാർക്ക് മുന്നിൽ സ്വകാര്യ കാർ നിറുത്തി. അതിൽ നിന്നും ഇറങ്ങിയത് ചിറ്റയം ഗോപകുമാർ എം. എൽ. എ ആയിരുന്നു. എന്തേ സുരക്ഷാ സംവിധാനം ഇല്ലാതെ വാഹനം തടയുന്നത് എന്ന ചോദ്യത്തിന് മുന്നിൽ 8 മണി വരെ പൊലീസ് ഉണ്ടായിരുന്നു. അവർ മടങ്ങി. തങ്ങളുടെ കൈയ്യിൽ ഇരിക്കുന്ന പേപ്പർ ഉയർത്തി കാട്ടിയാണ് നിറുത്തുന്നത്. ഏത് സമയവും അപകടം പിണയാവുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരുടെ മുന്നിൽ നിന്ന് എം.എൽ. എ വിവരം ഡി വൈ. എസ്. പി യെ ധരിപ്പിച്ചു. ഉടൻ എത്തി നടപടി . രണ്ട് പൊലീസുകാർ ജീവനക്കാരുടെ സുരക്ഷയ്ക്ക് എത്തി. ഒപ്പം സിഗ്നൽ ലൈറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി അടുത്ത സംഘവും. അതോടെ വാഹന പരിശോധന കൂടുതൽ സുരക്ഷിതമായി. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരുടെ വിവര ശേഖരത്തിനായാണ് യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെ ആരോഗ്യ വകുപ്പ് ജീവനക്കാർ നടുറോഡിൽ ഇറങ്ങി നിന്നത്.