പത്തനംതിട്ട : ഭാഗികമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജില്ലയിലെ കടകളിൽ തിരക്കാണ്. ആളുകൾ സാധനങ്ങൾ വാങ്ങാൻ കൂട്ടത്തോടെയെത്തി. കർഫ്യൂ കഴിഞ്ഞുള്ള ദിവസമായതിനാൽ സാധനങ്ങൾ വാങ്ങി കൂട്ടുന്ന തിരക്കിലാണ് ജനങ്ങൾ. കൂടുതൽ സാധനങ്ങൾ വാങ്ങി കൂട്ടേണ്ട ആവശ്യമില്ലെന്ന് സർക്കാർ പറയുമ്പോഴും ജനങ്ങൾക്ക് ഭീതിയുണ്ട്. ഉപ്പ് മുതൽ കർപ്പൂരം വരെ വാങ്ങാൻ ആളുകളുടെ തിരക്കായിരുന്നു ഇന്നലെ ജില്ലയിൽ പലയിടത്തും. മത്സ്യം, മുട്ട, ഇറച്ചി എന്നിവയ്ക്കായിരുന്നു ആവശ്യക്കാരേറെ. ചിക്കന് വിലകുറഞ്ഞതിനാൽ ചിക്കൻ വാങ്ങാനും നിരവധിപ്പേരെത്തി. പച്ചക്കറികളിൽ മുളകും സവാളയും ഇഞ്ചിയുമാണ് കൂടുതൽ വിറ്റഴിഞ്ഞത്. ചിലർ ചാക്കുകളിൽ അരിവാങ്ങി വയ്ക്കുകയാണ്. പൂർണമായും ലോക്ക് ഡൗൺ പ്രഖ്യാപിച്ചാൽ സാധനങ്ങൾ കിട്ടാതെ വരുമോ എന്ന ആശങ്കയാണ് പലർക്കും. അവശ്യ സർവീസുകൾ നടത്താൻ സർക്കാർ അനുമതി തന്നിട്ടുണ്ട്. വെള്ളം, ഭക്ഷണ സാധനങ്ങൾ തുടങ്ങി മനുഷ്യന് ആവശ്യമുള്ള എല്ലാ അടിസ്ഥാന ആവശ്യങ്ങളും പരിഗണിക്കും.
ഇന്നലെ ജില്ലയിൽ കെ.എസ്.ആർ.ടി.സി ഭാഗികമായേ സർവീസ് നടത്തിയുള്ളു. ഓർഡിനറി ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. സ്വകാര്യ ബസുകളിൽ ഭൂരിഭാഗവും സർവീസ് നടത്തിയില്ല. സ്വന്തം വാഹനത്തിലാണ് മിക്കവരും കടകളിൽ എത്തിയത്. മറ്റ് ചിലർ ഓട്ടോ റിക്ഷകളെ ആശ്രയിച്ചു. റോഡുകളിലും തിരക്ക് അനുഭവപ്പെട്ടിരുന്നു.
കൂട്ടം കൂടാതിരിക്കാൻ ശ്രമിക്കണമെന്നാണ് നിർദേശം. കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാനാണിത്. എന്നാൽ ആളുകൾ കൂട്ടം കൂടി സാധനങ്ങൾ വാങ്ങാൻ എത്തുമ്പോൾ കൂടുതൽ അപകടങ്ങളിലേക്ക് കാര്യങ്ങൾ മാറുകയാണ്.