പത്തനംതിട്ട : കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ഭാഗികമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിൽ നടന്ന മദ്യ ഷാപ്പ് ലേലം യൂത്ത് കോൺഗ്രസ്‌ തടഞ്ഞു. ജില്ലയിലെ കള്ള് ഷാപ്പുകളുടെ ലേലം ഇന്ന് വീണ്ടും നടത്തും. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിലാണ് കള്ള് ഷാപ്പുകളുടെ ലേലം ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്നത്. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം ഉണ്ടാകുമെന്നറിഞ്ഞതിനാൽ കൂടുതൽ പൊലീസിനെയും സ്ഥലത്ത് നിയോഗിച്ചിരുന്നു. മൂന്നു പേർ മാത്രമാണ് ഷാപ്പ് ലേലത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. ആരോഗ്യ വകുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് ലേലം നടത്താൻ ശ്രമിച്ചത് എന്നും ഇത്തരത്തിലുള്ള നടപടികൾ കേരള ജനതയോട് ഉള്ള വെല്ലുവിളിയാണെന്നും യൂത്ത് കോൺഗ്രസ്‌ നേതാക്കൾ ആരോപിച്ചു. കൊറോണ ഭീതി മാറുന്നത് വരെ ജില്ലയിലെ ഷാപ്പ് ലേലം മാറ്റിവെക്കണമെന്നും അല്ലാത്ത പക്ഷം വീണ്ടും യൂത്ത് കോൺഗ്രസ്‌ പ്രതിഷേധവുമായി രംഗത്തുണ്ടാകുമെന്നും ജില്ലാ പ്രസിഡന്റ്‌ എം.ജി . കണ്ണൻ പറഞ്ഞു.
പ്രതിഷേധത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ എം.ജി.കണ്ണൻ, സംസ്ഥാന ഭാരവാഹികളായ റോബിൻ പരുമല, വിമൽ കൈതകൽ, കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ അൻസർ മുഹമ്മദ്‌, യൂത്ത് കോൺഗ്രസ്‌ ജില്ലാ ഭാരവാഹികളായ അഖിൽ അഴൂർ, എം.പി ഹസ്സൻ, ഷിജു തോട്ടപ്പുഴശേരി, ജിതിൻ നൈനാൻ, ഷിന്റോ തെനാലിൽ, സാംജി ഇടമുറി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.