പത്തനംതിട്ട : പല നിറങ്ങളുള്ള വവ്വാലുകളായിരുന്നു ഇന്നലെ വള്ളിക്കോട്ടെ വിസ്മയക്കാഴ്ച. രാവിലെ പത്തരയ്ക്ക് വള്ളിക്കോട് മുകള് മുരുപ്പേൽ ഐൻ കുളത്ത് വടക്കേതിൽ ഉണ്ണികൃഷ്ണൻ നായരുടെ വീടിന്റെ ജനലിലാണ് വലിപ്പം വളരെ കുറവായ രണ്ട് വവ്വാലുകളെ കണ്ടത്. ചിത്രശലഭമാണെന്നാണ് ആദ്യം കരുതിയത്. കാഴ്ചക്കാർ കൂടിയപ്പോൾ നടത്തിയ അന്വേഷണത്തിലാണ് അപൂർവയിനത്തിൽപ്പെടുന്ന പെയിന്റഡ് വവ്വാലാണെന്ന് മനസിലായത്. കംബോഡിയ, ചൈന, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കാണപ്പെടാറുണ്ട്. കൊറോണ ഭീതി നിലനിൽക്കുന്നതിനാൽ ആദ്യം വവ്വാലിനെ കണ്ടപ്പോൾ പേടി തോന്നിയിരുന്നു. ഗ്ലൗസ് ധരിച്ചാണ് എടുത്തത്. വീടിനകത്ത് നിന്ന് പുറത്തേക്ക് പോകാൻ കഴിയാതെ പറക്കുകയായിരുന്നു വവ്വാൽ. കടിക്കാൻ ശ്രമിച്ച വവ്വാലിനെ എലിപ്പെട്ടിയിൽ അടച്ചിട്ടതിന് ശേഷം വൈകിട്ട് തുറന്നുവിട്ടു. കടുത്ത ഓറഞ്ചു കറുപ്പും കലർന്ന നിറമാണ് . അഞ്ച് ഗ്രാം തൂക്കംവരും.