24-valiyathode
ജില്ലാ പഞ്ചായത്ത് നവീകരണം പൂർത്തിയാക്കിയ മാരാമൺ വലിയതോട്ടിൽ ഭൂവസ്ത്രം വിരിക്കുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂരിന്റെ നേതൃത്വത്തിൽ ജനപ്രതിനിധി സംഘം നിരീക്ഷിക്കുന്നു.കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.കൃഷ്ണകുമാർ, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, വൈസ് പ്രസിഡന്റ് സി.വി ഗോപാലകൃഷ്ണൻ നായർ എന്നിവർ സമീപം

നെടുമ്പ്രയാർ : ജില്ലാ പഞ്ചായത്ത് നവീകരണം പൂർത്തിയാക്കി നീരൊഴുക്ക് സുഗമമാക്കിയ മാരാമൺ വലിയതോട്ടിൽ കയർ ഭൂവസ്ത്രം വിരിക്കുന്ന ജോലികൾ തുടങ്ങി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് തോട്ടിൽ കയറു കൊണ്ടുള്ള ഭൂവസ്ത്രം വിരിക്കുന്നത്. ചെളിയും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ് ഇരുവശവും കാട് മൂടിക്കിടന്ന തോട് സുജലം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് പുനരുദ്ധരിച്ചത്. 10 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു.

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പ്രധാന നെല്ലറകളിലൊന്നായ നെടുമ്പ്രയാർ പുഞ്ചയിൽ കൃഷിക്കാവശ്യമായ ജലം ലഭിക്കുന്നത് ഇവിടെ നിന്നാണ്. 46 ലക്ഷം രൂപയുടെ പദ്ധതി 10 ഘട്ടമായാണ് നടപ്പാക്കുന്നത്. തോടിന്റെ ഇരുവശങ്ങളിലും മുകളിൽ നിന്ന് 10 മുതൽ 15 അടിവരെ താഴ്ചയിലേക്ക് കയർ വിരിച്ച് ഇതോടൊപ്പം പടർപ്പൻ പുല്ല് വെച്ചുപിടിപ്പിക്കും. ദീർഘകാലത്തേക്ക് മണ്ണിടിച്ചിൽ തടയുന്നതിനും, തോട് മലിനമാകാതിരിക്കുന്നതിനും,നീരൊഴുക്ക് സുഗമമാക്കുന്നതിനുമുള്ള പദ്ധതിയാണിത്. കരിങ്കൽ ഭിത്തി നിർമ്മാണത്തേക്കാൾ ചെലവ് കുറഞ്ഞതും പരിസ്ഥിതിസൗഹൃദവുമാണ്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂരിന്റെ നേതൃത്വത്തിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.കൃഷ്ണകുമാർ, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, വൈസ് പ്രസിഡന്റ് സി.വി ഗോപാലകൃഷ്ണൻ നായർ എന്നിവരടങ്ങുന്ന ജനപ്രതിനിധി സംഘം പദ്ധതിയുടെ നിർമ്മാണ സ്ഥലം സന്ദർശിച്ച് പുരോഗതി വിലയിരുത്തി.