തിരുവല്ല: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ആയിരം കവിഞ്ഞു. നിരീക്ഷണത്തിനിടെ രോഗലക്ഷണങ്ങൾ കണ്ടെത്തിയ ഒരാളുടെ സാമ്പിൾ കൂടി ഇന്നലെ പരിശോധനയ്ക്ക് അയച്ചു. 1041 പേരാണ് ഇപ്പോൾ നഗരസഭയിലും പുളിക്കീഴ് ബ്ലോക്ക് പരിധിയിലും നിരീക്ഷണത്തിൽ കഴിയുന്നത്. അതേസമയം നിരീക്ഷണത്തിൽ കാലയളവ് പൂർത്തിയായ 351 പേരെ ഒഴിവാക്കി. ഇന്നലെ മാത്രം 235 പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ളവരെല്ലാം വിദേശങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്തിയവരാണ്.
സമ്പർക്ക രഹിത നിരീക്ഷണത്തിൽ വീടുകളിൽ കഴിയുന്നവർ പലരും ആരോഗ്യവകുപ്പിന്റെ നിർദേശം ലംഘിച്ച് പൊതുഇടങ്ങളിൽ പോകുന്നുവെന്ന പരാതി വ്യാപകമാണ്. വിദേശത്തു നിന്നെത്തുന്നവരാണ് മിക്കവരും. ഇവർക്കെതിരെ കർശന നടപടിയെടുക്കാനുള്ള നീക്കത്തിലാണ് ആരോഗ്യവകുപ്പ്. വിദേശത്തു നിന്നെത്തുന്നവരുടെ മുഴുവൻ വിവരങ്ങളും വിമാനത്താവളത്തിൽ നിന്നു ജില്ലാ ഭരണകൂടം വഴി അതതു പ്രദേശത്തെ ആരോഗ്യവകുപ്പ് അധികൃതർക്കു ലഭിക്കുന്നുണ്ട്. ഇതിനു പുറമേ പ്രദേശത്തെ ആരോഗ്യ പ്രവർത്തകർ ശേഖരിക്കുന്ന പട്ടികയും ചേർത്ത് പഞ്ചായത്ത് അധികൃതർക്കും പൊലീസിനും നൽകുന്നുണ്ട്. മാത്രമല്ല വാർഡുതല സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾക്കും പട്ടിക നൽകുന്നുണ്ട്. പുറത്തിറങ്ങി നടക്കരുതെന്നു മൈക്ക് വിളംബരം എല്ലാ പഞ്ചായത്തിലും നടത്തും. ലംഘിക്കുന്നവർക്കെതിരെ പൊലീസ് നടപടി ഉൾപ്പെടെ സ്വീകരിക്കാനും തീരുമാനമായി.
തിരുവല്ലയിൽ നിരീക്ഷണത്തിൽ ഉള്ളവർ
നഗരസഭ – 388,
പെരിങ്ങരയിൽ –140,
കടപ്രയിൽ –150,
നെടുമ്പ്രം –148,
കുറ്റൂർ – 137,
നിരണം – 96