അടൂർ : ജനകീയ കർഫ്യൂവിന് ശേഷം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജനം വീടിനുള്ളിലേക്ക് പിൻവലിയുകയാണ്. സ്വകര്യ - കെ. എസ്. ആർ. ടി.സി ബസുകൾ സർവീസുകൾ കുറച്ചു. യാത്രക്കാരും പൊതുവേ കുറവാണ്. സർവീസ് ലാഭകരമല്ലാതെ വന്നതോടെയാണ് സ്വകാര സർവീസുകളിൽ പലതും നിറുത്തിവച്ചത്. ഇതറിയാതെ എത്തിയ യാത്രക്കാർ പലറൂട്ടുകളിലും വലഞ്ഞു. കൂലിവേലയ്ക്ക് പോയ തൊഴിലാളികളാണ് ഏറെ ബുദ്ധിമുട്ടിയത്. കെ. എസ്. ആർ. ടി. സിയും സ്വകാര്യ ബസുകളും നടത്തിയ നാമമാത്രമായ സർവീസായിരുന്നു യാത്രക്കാരുടെ ആശ്രയം. അടൂർ ഡിപ്പോയിൽ ഇന്നലെ 53 ഷെഡ്യൂളിൽ തിരുവനന്തപുരം റൂട്ടിലേക്കുള്ള 5 ഫാസ്റ്റ് പാസഞ്ചർ സർവീസ് ഉൾപ്പെടെ 17 ഷെഡ്യൂളുകളാണ് അയച്ചത്. 8 വീതം ബസുകൾ അയച്ചുവന്ന കൊല്ലം - അടൂർ - പത്തനംതിട്ട, അടൂർ - ആയൂർ ചെയിൻ സർവീസുകൾക്ക് 3വീതം ബസുകളും 4 ബസുകൾ ഉപയോഗിക്കുന്ന പുനലൂർ - കായംകുളം സർവീസിന് 3 ഉം തിരുവല്ലയ്ക്ക് 2 ഉം, തെങ്ങമത്തേക്ക് ഒരു സർവീസും മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ പല ബസുകളിലും യാത്രക്കാർ കുറവായിരുന്നു. അതേ സമയം ജനകീയ കർഫ്യൂവിന്റെ വിജയത്തിന്റെ മറപിടിച്ച് വിവിധ ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങളെ തുടർന്ന് സാധനങ്ങൾ സംഭരിക്കുന്നതിനായി ഇന്നലെ വ്യാപാര സ്ഥാപനങ്ങളിൽ പതിവിൽ കവിഞ്ഞ തിരക്ക് അനുഭവപ്പെട്ടു. പലചരക്ക്, പച്ചക്കറി, മെഡിക്കൽ സ്റ്റോറുകൾ തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത്. അതേസമയം പല കച്ചവടക്കാരും വഴിയോര ഫ്രൂട്ടസ് വ്യാപാരികളും വ്യാപാരത്തിന് എത്തിയില്ലെന്നതും ശ്രദ്ധയമാണ്.