പത്തനംതിട്ട : ജില്ലാ ഭരണകൂടവും ഹരിതകേരളം മിഷനും ചേർന്ന് ബസ് സ്റ്റാൻഡ്, ഓട്ടോടാക്സി സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് നടത്തുന്ന കൊറോണ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്കു തുടക്കമായി. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ആർ.രാജേഷ് സാനിറ്റേഷൻ കിറ്റ് നൽകിയും ഓട്ടോയിൽ സ്റ്റിക്കർ പതിപ്പിച്ചും ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
പൊതുഗതാഗത സംവിധാനങ്ങളിൽ സ്റ്റിക്കർ മുഖേനയും യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് മുഖേനയുമാണ് ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടക്കുക.
ഹരിതകേരളം മിഷൻ ഓട്ടോ സ്റ്റാന്റുകൾ, ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. ആളുകൾ കയറിയതിനുശേഷം അണുവിമുക്തമാക്കുന്നതിനായി ലോഷൻ ഉൾപ്പെടുള്ള സാനിറ്റേഷൻ കിറ്റ് നൽകുകയും ചെയ്തു.
ഓട്ടോകൾ, ബസുകൾ എന്നിവയിൽ മിഷൻ പ്രതിനിധികളുടെ നേതൃത്വത്തിൽ സ്റ്റിക്കറുകൾ പതിപ്പിക്കുകയും യാത്രക്കാർക്ക് കൊറോണ വൈറസ് പകരാതിരിക്കുന്നതിനുള്ള മുൻകരുതലുകളും ജാഗ്രതാ നിർദേശങ്ങളും അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.
ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ കെ.രാധാകൃഷ്ണൻ നായർ, എം.കെ ഷിറാസ്, ഷിജു എം.സാംസൺ, മായ മോഹൻ, ജി. ഗോകുൽ, ആതിര ഓമനക്കുട്ടൻ, യംങ് പ്രൊഫഷണൽമാരായ നവോമി റ്റി. ജയിംസ്, ആഷ്ന നാസർ, അഞ്ജന കൃഷ്ണ, അഭിരാമി, ഷൈനി ജോസ്, ബെറ്റ്സി ബാബു എന്നിവർ പങ്കെടുത്തു.