മല്ലപ്പള്ളി : അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ മല്ലപ്പള്ളി മാർക്കറ്റ് റോഡിലെ വിദേശമദ്യ ചില്ലറ വിൽപനശാലയിൽ മിന്നൽ പരിശോധന നടത്തി. ബിവറേജസ് തുറക്കുന്നതിന് മുമ്പുതന്നെ നൂറുകണക്കിന് ആളുകൾ കൂട്ടം കൂടി നിൽക്കുന്നവെന്ന പരാതിയെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, തഹസീൽദാർ ടി.എ മധുസൂദനൻ നായർ, സി.ഐ സി.ടി. സജ്ഞയ്,എസ്.ഐ ബി.ആദർശ്, കോവിഡ് നോഡൽ ഓഫീസർ ഡോ. അഞ്ജലി എന്നിവരെ കൂട്ടിയാണ് എം.എൽ.എ സ്ഥലത്തെത്തിയത്. സംഘം സ്ഥലത്തെത്തിയതോടെ കൂട്ടം കൂടിനിന്ന ഉപഭോക്താക്കൾ ചിതറി നിന്നു ചിലർ മുഖം മറയ്ക്കാൻ ഹെൽമറ്റും മറ്റും ധരിച്ചു.ഇടുങ്ങിയ വാതിലിലൂടെ കടന്ന് കൗണ്ടറിലെത്തി പുറത്തുവന്നപ്പോൾ ജീവനക്കാർ ദുരവസ്ഥ വിവരിച്ചു. പരമാവധി വേഗത്തിൽ വിതരണം നടത്തുന്നുണ്ടെന്നും 375 രൂപയ്ക്ക് മുകളിലുള്ള മദ്യം പ്രീമിയം കൗണ്ടറിലൂടെ നൽകുന്നുണ്ടെങ്കിലും തിരക്ക് നിയന്ത്രണാതീതമാണെന്ന് മാനേജർ പറഞ്ഞു.ഒരു കൈ അകലം പാലിച്ചായിരിക്കണം ക്യൂവെന്നും പരമാവധി കോവിഡ് പ്രതിരോധ പരിപാടികളിൽ പങ്കെടുക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.ആദ്യം മാറി നിന്നവരും മന്ത്രിയുടെയും കൂടെയുള്ളവരുടെ നിർദ്ദേശങ്ങൾ കൃത്യമായി അനുസരിച്ച് കൊള്ളാമെന്ന് ഉറപ്പുനൽകി.