23fireforce

പത്തനംതിട്ട : കൊറോണ വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റും പരിസരവും സോഡിയം ഹൈപ്പോ ക്ലോറേറ്റ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കി.
കളക്ടറേറ്റിൽ എല്ലാ നിലകളിലെയും പാസേജുകൾ,സ്റ്റെയർ കേസുകൾ, എ.ടി.എം കൗണ്ടർ, ആളുകൾ സ്പർശിക്കാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ എന്നിവ അഗ്‌നിശമന സേനയും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും അടങ്ങുന്ന 16 അംഗ സംഘം അണുനാശിനി ഉപയോഗിച്ച് ശുചീകരിച്ചു. പത്തനംതിട്ട നഗരത്തിലെ വെയിറ്റിംഗ് ഷെഡുകളിലും എ.ടി.എം കൗണ്ടറുകളിലും ആർ.ടി.ഓഫീസിലും അഗ്‌നിശമന സേനയുടെ അണുവിമുക്ത പ്രവർത്തനം തുടർന്നു.
പ്രതിരോധ നടപടിയുടെ ഭാഗമായി ബ്രേയ്ക്ക് ദ ചെയിൻ കാമ്പയിനിൽ ആരോഗ്യപ്രവർത്തകരുമായി ചേർന്നാണ് ഫയർഫോഴ്സിന്റെ കേരള സിവിൽ ഡിഫൻസ് ടീം അണുവിമുക്ത പ്രവർത്തങ്ങളുടെ ഭാഗമായത്.
വീണാ ജോർജ് എം.എൽ എയുടെ ശ്രമഫലമായി പത്തനംതിട്ട നിലയത്തിൽ പുതുതായി ലഭിച്ച ഫസ്റ്റ് റെസ്‌പോണ്ട് വെഹിക്കിൾ എന്ന അത്യാധുനിക വാഹനമാണ് അണുനാശിനി സ്‌പ്രേ ചെയ്യാനായി ഉപയോഗിച്ചത്. സോഡിയം ഹൈപ്പോ ക്ലോറേറ്റ് ലായനി നേർപ്പിച്ചാണ് അണുനാശിനിയായി ഉപയോഗിച്ചത്.
പത്തനംതിട്ട ഫയർ സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ സി.ഡി റോയി, എസ്.കെ. അജിത് കുമാർ എന്നിവരടങ്ങുന്ന ഒൻപത് അംഗ ഫയർ ആന്റ് റെസ്‌ക്യൂ സംഘവും ബിജു കുമ്പഴ, മഞ്ജു വിനോദ്, ആൽബിൻ വർഗീസ്, അഭിഷേക്, സജിൻ സാം, അമൃത രാജ് എന്നിവർ അടങ്ങുന്ന ആറംഗ കേരള സിവിൽ ഡിഫൻസ് വോളന്റിയേഴ്‌സും ശുചീകരണത്തിൽ പങ്കാളികളായി.