പത്തനംതിട്ട : കൊറോണ മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അവശ്യസാധനങ്ങളെത്തിച്ചു നൽകി. വിവിധ ഗ്രാമപഞ്ചായത്തുകൾ 238 കുടുംബങ്ങളിലെ 636 പേർക്ക് ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റ് നൽകിയത്. അരി, പഞ്ചസാര, കുടിവെള്ളം, സോപ്പ്, സോപ്പുപൊടി എന്നിവയുൾപ്പെട്ട കിറ്റാണ് നൽകുന്നത്. മരുന്ന് ഒഴികെയുള്ള അവശ്യസാധനങ്ങൾ നിരീക്ഷണത്തിലുള്ളവരുടെ ആവശ്യപ്രകാരം ലഭ്യതയ്ക്കനുസരിച്ച് പഞ്ചായത്തുകൾ എത്തിച്ചു നൽകുന്നുണ്ട്.
മരുന്നുകൾ പോലെയുള്ള അവശ്യവസ്തുക്കൾ എത്തിക്കുന്നത് ആരോഗ്യ വകുപ്പ് ജീവനക്കാരാണ്. കൂടാതെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കായി സന്നദ്ധ സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളും നൽകുന്ന അവശ്യസാധനങ്ങൾ ജില്ലാഭരണകൂടം ശേഖരിച്ചും ഗ്രാമപഞ്ചായത്തുകൾ മുഖേന വിതരണം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ഇന്നലെവരെ 261 കുടുംബങ്ങൾക്കാണ് ജില്ലാഭരണകൂടം അവശ്യസാധനങ്ങൾ എത്തിച്ചു നൽകിയത്. ദിവസങ്ങളോളം ഉപയോഗിക്കാവുന്ന കിറ്റ് രൂപത്തിലാണു സാധനങ്ങൾ എത്തിക്കുന്നത്. കൂടാതെ നിരീക്ഷണത്തിലുള്ളവരുടെ ആവശ്യപ്രകാരം പാചകവാതക സിലിണ്ടറുകളും നൽകുന്നുണ്ട്.