തണ്ണിത്തോട്: കുരുമുളകിന്റെ വിലയിടിവു മൂലം കർഷകർ പ്രതിസന്ധിയിൽ. 2016ൽ ഒരു കിലോ ഉണക്ക കുരുമുളകിന് 700 രൂപ ലഭിച്ചിരുന്ന സ്ഥാനത്തിപ്പോൾ 300 രൂപയാണ് വില ലഭിക്കുന്നത്. വിളവെടുത്ത് മെതിച്ചുണങ്ങി വിപണിയിലെത്തിച്ചാൽ പണിക്കൂലി പോലും കൊടുക്കാൻ കഴിയുന്നില്ലന്നാണ് കർഷകർ പറയുന്നത്.
തൊഴിലാളികൾക്ക് 700 മുതൽ 800 രൂപ വരെ കൂലി കൊടുക്കണം കർഷകർക്ക് മുടക്കുമുതൽ പോലും കിട്ടാത്ത അവസ്ഥയാണുള്ളതെന്ന് തണ്ണിത്തോട്ടിലെ കുരുമുളക് കർഷകനായ പ്രസന്നൻ പറയുന്നു. 3 കിലോ പച്ചക്കുരുമുളക് ഉണങ്ങിയാൽ മാത്രമേ ഒരുകിലോ ഉണക്ക കുരുമുളക് കിട്ടു. വിലയിടിവു മൂലം പല കർഷകരും 4 വർഷത്തെ കുരുമുളക് വിൽക്കാതെ വച്ചിരിക്കുകയാണ്. ഉത്പാദനം കുറയുമ്പോൾ വില കൂടുമെന്ന പ്രതീക്ഷയിൽ കുരുമുളക് കരുതിവച്ചിരുന്നവർക്കും വിലയുയരാതെ നിൽക്കുന്നത് തിരിച്ചടിയായി. ഇത്തവണ വരൾച്ച കടുത്തതും കൃഷിക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട് . മിക്കയിടങ്ങളിലും ഇലകൾ വാടിക്കൊഴിഞ്ഞ് ഉണങ്ങുന്നു
വയനാട്, ഇടുക്കി എന്നിവിടങ്ങളിലെ ഗുണമേൻമയുള്ള കുരുമുളകി നോട് കിടപിടിക്കുന്നതാണ് ജില്ലയിലെ കിഴക്കൻ മലയോരത്തെ കുരുമുളക്. കേന്ദ്ര സർക്കാരിന്റെ ഇറക്കുമതി നയത്തിനും, കൊച്ചിയിലെ കുരുമുളക് വില നിയന്ത്രിക്കുന്ന വ്യവസായികൾക്കും ഇതിൽ പങ്കുണ്ടന്ന് കർഷകർ ആരോപിക്കുന്നു. വിപണിയിൽ ഇനിയും കൂടുതൽ വിദേശ കുരുമുളക് എത്തുന്നതോടെ ഇനിയും വിലയിടിയുമെന്ന ആശങ്കയിലാണ് മലയോരത്തെ കർഷകർ. തണ്ണിത്തോട്, തേക്കുതോട്, കൊക്കാത്തോട് പ്രദേശങ്ങളിൽ വ്യാപകമായി കർഷകർ കുരുമുളക് കൃഷി ചെയ്യുന്നുണ്ട്. ഈ പ്രദേശങ്ങളാണ് ജില്ലയിലെ ഗുണമേൻമയുള്ള കുരുമുളകിന്റെ കേന്ദ്രം. സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിച്ചില്ലങ്കിൽ ജില്ലയിലെ മികച്ച കുരുമുളക് സമീപഭാവിയിൽ ഇവിടെ നിന്നും പടിയിറങ്ങുമെന്ന് ഇവിടുത്തെ കർഷകരും, ചെറുകിട വ്യാപാരികളും പറയുന്നു.