പത്തനംതിട്ട : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് വേഗത്തിൽ വിവരങ്ങൾ കൈമാറുന്നതിനായി കോമ്പാറ്റ് ( കോം-ബാറ്റ്) എന്ന പുതിയ ആൻേഡ്രായിഡ് ആപ്ലിക്കേഷൻ പരിചയപ്പെടുത്തുകയാണ് തിരുവല്ല മാക്ഫാസ്റ്റ് കോളജിലെ ജീവനക്കാരും വിദ്യാർത്ഥികളും. ജില്ലാ കളക്ടർ പി.ബി നൂഹിന്റെ നിർദേശപ്രകാരം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവല്ല മാക്ഫാസ്റ്റ് കോളജിന്റെയും നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെയും ഐ.ടി മിഷന്റെയും സഹായത്തോടെയാണ് ഈ ആപ്ലിക്കേഷൻ നിർമിച്ചിരിക്കുന്നത്. നാലു ദിവസംകൊണ്ടാണ് ആപ്ലിക്കേഷൻ യഥാർത്ഥ്യമായത്.
ഉദ്യോഗസ്ഥരുടെ ഇ-മെയിൽ ഐഡിയിലൂടെ ലിങ്ക് ഉപയോഗിച്ച് കോമ്പാറ്റിന്റെ സഹായത്തോടെ ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടർമാരുടെയും ഫേസ്ബുക്ക് പേജിലും നേരിട്ട് എത്താൻ സാധിക്കും. ജില്ലയിൽ കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 16 ടീമുകളിലെ അംഗങ്ങൾക്കും നേരിട്ട് വിവരങ്ങൾ കൈമാറാനും ഈ ആപ്പിലൂടെ സാധിക്കും. അഡ്മിൻ ആയിരിക്കും കോമ്പാറ്റ് ആപ്പ് നിയന്ത്രിക്കുന്നത്. 16 സംഘത്തിലുമുള്ളവരുടെ മൊബൈൽ നമ്പരുകളും ഇതിലുണ്ട്. ആപ്പിൽ നിന്ന് ഇവരെ വിളിക്കാനും മെസേജ് ചെയ്യാനുമുള്ള സൗകര്യവുമുണ്ട്. ആരുടെയും നമ്പർ ഫോണിൽ സേവ് ചെയ്യാതെ കൃത്യസമയത്തുതന്നെ വിവരങ്ങൾ കൈമാറാം. സംസ്ഥാനത്ത് മുഴുവനും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണ് ആപ്പ് നിർമിച്ചിരിക്കുന്നത്.
തിരുവല്ല മാക്ഫാസ്റ്റ് കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ചെറിയാൻ ജെ. കോട്ടയിൽ, ജില്ലാ കോ - ഓർഡിനേറ്റർ ഡോ. സുധീപ് ബി. ചന്ദ്രമന, എൻ.ഐ.സി ഓഫീസർ ജിജി ജോർജ്, ഐ.ടി മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ ഷൈൻ ജോസ്, പ്രോജക്ട് ലീഡർ പവിൻരാജ് തടത്തിൽ, സോഫ്‌റ്റ് വെയർ ഡെവലപ്പർ ജെയ്‌മോൻ ജെയിംസ്, ഡെവലപ്‌മെന്റ് ഓഫീസർ സി. സജി പ്രൊജക്ട് ഡെവലപ്പിംഗ് മാനേജർ അജയ് കുര്യൻ തുടങ്ങിയവരുടെ ശ്രമത്തിലാണ് ആപ്ലിക്കേഷൻ ഒരുക്കിയിരിക്കുന്നത്.