പത്തനംതിട്ട: ലോക്ക് ഡൗണിനിടെ സാധനങ്ങൾ വാങ്ങിക്കൂട്ടാനായി ജനങ്ങളുടെ നെട്ടോട്ടം. ജില്ലയിലെ പലചരക്ക്, പച്ചക്കറി കടകളിൽ ഇന്നലെ വൻ തിരക്ക് അനുഭവപ്പെട്ടു. ആളുകൾ കൂട്ടം കൂടുന്നതിന് വിലക്കുണ്ടായിട്ടും കടകളിലെ തിരക്ക് ഒഴിവാക്കാൻ കഴിഞ്ഞില്ല. പല സ്ഥലത്തും പൊലീസും റവന്യു ഉദ്യോഗസ്ഥരുമെത്തി ആളുകൾ കൂടി നിൽക്കുന്നത് ഒഴിവാക്കാൻ നിർദേശിച്ചു. ഇതേ തുടർന്ന് സപ്ളൈക്കോ സ്റ്റോറുകളിൽ ടാേക്കൺ നൽകി ആളുകളെ നിയന്ത്രിച്ചു.
ജില്ലയിൽ ഇന്നലെ പച്ചക്കറിക്ക് ക്ഷാമം നേരിട്ടു. പല കടകളിലും സാധനങ്ങൾ തീർന്നുവെന്നാണ് വ്യപാരികൾ പറയുന്നത്. അതേസമയം, സാധനങ്ങൾ പൂഴ്ത്തിവച്ച് വില കൂട്ടി വിൽക്കുന്നതായും ആരോപണമുണ്ട്. പത്തനംതിട്ട മാർക്കറ്റിൽ സാധനക്ഷമത്തെ തുടർന്ന് ചില കടകൾ തുറന്നില്ല. തമഴ്നാട്ടിൽ നിന്ന് ലോറികൾ കടത്തിവിടാതിരുന്നതാണ് സാധനങ്ങൾ കുറയാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. പത്തനംതിട്ടയിൽ പച്ചക്കറി ലോറിയെത്തിയിട്ട് രണ്ട് ദിവസമായി. ഇന്നലെ മുതൽ അതിർത്തി ചെക്ക് പോസ്റ്റ് വഴി ലോറികൾ കടത്തിവിടുന്നുണ്ട്. രണ്ട് ദിസവത്തിനുളളിൽ ക്ഷാമം തീർന്നേക്കും.
സ്റ്റോക്കുളള കടകളിൽ പച്ചക്കറിക്ക് വില കൂട്ടി വിറ്റതായി പരാതി ഉയർന്നു. രണ്ടു ദിവസം മുൻപ് പത്തനംതിട്ട മാർക്കറ്റിൽ സവാള വില കിലോയ്ക്ക് 24 രൂപയായിരുന്നു. ഇന്നലെ 35രൂപയ്ക്കാണ് വിറ്റത്. 40രൂപയായിരുന്ന ഉരുളക്കിഴങ്ങിന് 50ഉും 40രൂപയായിരുന്ന മുളകിന് 70 രൂപയും ഇൗടാക്കി. കാരറ്റും ബീൻസും കിട്ടാനില്ല. കോയമ്പത്തൂർ, സേലം, കമ്പം, തേനി മേഖലകളിൽ നിന്നാണ് ജില്ലയിൽ പച്ചക്കറിയെത്തുന്നത്.
അവശ്യസാധനങ്ങൾ പൂഴ്ത്തിവച്ചാൽ
കർശന നടപടി: മന്ത്രി
അവശ്യസാധനങ്ങൾ പൂഴ്ത്തിവയ്ക്കുകയോ, വിലകൂട്ടി വിൽക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഏതെങ്കിലും ഭക്ഷ്യസാധനങ്ങൾ പൂഴ്ത്തിവച്ച് ഭക്ഷ്യ ദൗർലഭ്യം സൃഷ്ടിക്കുന്നുവെന്ന് ശ്രദ്ധയിൽപ്പെട്ടാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. പൊതുജനങ്ങൾക്ക് കടകളിലുള്ള അവശ്യ ഭക്ഷ്യസാധനങ്ങൾ നൽകാൻ എല്ലാ വ്യാപാരികൾക്കും ഉത്തരവദിത്വം ഉണ്ടെന്ന് മന്ത്രി പറഞ്ഞു.