പത്തനംതിട്ട : കൊറോണ പ്രതിരോധത്തിന് സംസ്ഥാനമാകെ ഒരുങ്ങുമ്പോൾ സുരക്ഷകിറ്റുകളൊന്നുമില്ലാതെയാണ് 108 ആംബുലൻസ് ജീവനക്കാരുടെ സേവനം. അപകടത്തിൽപ്പെടുന്നവരെയും അസുഖബാധിതരെയും ആശുപത്രിയിൽ എത്തിക്കാൻ ഇപ്പോൾ ഏറെയും ആശ്രയിക്കുന്നത് 108 ആംബുലൻസുകളെയാണ്. ഒരു ആംബുലൻസിന് നാല് ജീവനക്കാരാണുള്ളത്. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിയ്ക്കുന്ന ഏഴ് ആംബുലൻസും 12 മണിക്കൂർ പ്രവർത്തിയ്ക്കുന്ന എട്ട് ആംബുലൻസുമാണ് ജില്ലയിലുള്ളത്. ശമ്പളം പോലും യഥാക്രമം ലഭിക്കാത്തവരാണ് 108 ആംബുലൻസ് ജീവനക്കാർ. അഞ്ച് മാസം കൂടുമ്പോഴോ ഒന്നിടവിട്ടോ ആണ് പലർക്കും ശമ്പളം ലഭിക്കുക. ജി.വി.കെ ഇ.എം.ആർ.ഐ എന്ന കമ്പനിയാണ് ജീവനക്കാരെ റിക്രൂട്ട് ചെയ്തിരിക്കുന്നത്. വാഹനം കേടായാൽ പോലും അത് ജീവനക്കാരുടെ ഉത്തരവാദിത്വമായി മാറിയിരിക്കുകയാണിപ്പോൾ.
നഴ്സുമാരും ഡ്രൈവർമാരും ഉൾപ്പെടുന്നതാണ്
108ലെ ജീവനക്കാർ.
ജില്ലയിലാകെ 52 ജീവനക്കാരുണ്ട്.
"പാവങ്ങളെ സഹായിക്കുന്നതിനുള്ള വലിയൊരു പദ്ധതിയാണിത്. പക്ഷെ ഞങ്ങളുടെ ജീവനും ആരോഗ്യത്തിനും ആവശ്യമായ സുരക്ഷ ലഭിക്കുന്നില്ല. ആംബുലൻസ് വിളിച്ചാൽ പോകേണ്ടി വരും. അവർ എന്ത് രോഗികളാകും എന്നത് മനസിലാവില്ല. സുരക്ഷാ കിറ്റുകൾ ഞങ്ങൾക്കും ആവശ്യമാണ്. ലീവെടുത്ത് വീട്ടിലിരിക്കാൻ പറ്റുന്ന ജോലി അല്ലല്ലോ ഇത്. "
ഷബാന
(108 ആംബുലൻസിലെ ജീവനക്കാരി)