പത്തനംതിട്ട : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗൺ ജനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിരത്തിലിറങ്ങി ജില്ലാ കളക്ടർ പി.ബി നൂഹും തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയലും. പത്തനംതിട്ട ബസ് സ്റ്റാൻഡ്, അടൂർ ടൗൺ, പന്തളം ടൗൺ എന്നി സ്ഥലങ്ങൾ സന്ദർശിച്ച കളക്ടർ പൊതുജനങ്ങളോട് പരമാവധി വീട്ടിൽ കഴിയണമെന്നും എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും മഹാമാരിയെ തോൽപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അഭ്യർത്ഥിച്ചു.
പത്തനംതിട്ടയിൽ പൊലീസ് നടത്തിയ റൂട്ട് മാർച്ചിൽ പങ്കെടുത്ത കളക്ടർ പൊലീസിന് വേണ്ട നിർദേശങ്ങളും നൽകി. അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർഡ്, പത്തനംതിട്ട ഡിവൈ.എസ്.പി കെ.സജീവ് എന്നിവരോട് അടിയന്തര അവശ്യ സാധനങ്ങൾ നൽകുന്ന കടകൾ മാത്രം പ്രവർത്തിപ്പിക്കുക മറ്റുള്ളവ തുറക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക, സ്വകാര്യ വാഹനങ്ങളിൽ വരുന്നവരിൽ ഡ്രൈവർ കൂടാതെ ഒരാൾ മാത്രമേ ഉള്ളു എന്ന് ഉറപ്പു വരുത്തുക, ആളുകൾ കൂട്ടം കൂടുന്നില്ലെന്ന് ഉറപ്പു വരുത്തുക തുടങ്ങിയ നിർദേശങ്ങൾ നൽകി. തിരുവല്ല, കോഴഞ്ചേരി എന്നിവിടങ്ങളിൽ സബ് കളക്ടർ ഡോ. വിനയ് ഗോയൽ എത്തി ജനങ്ങൾക്ക് നിർദേശങ്ങൾ നൽകി.