അടൂർ : വാഹനഗതാഗം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടും നിരത്തിലിങ്ങിയ വാഹനയാത്രികരെ ബോധവത്കരിക്കാൻ പൊലീസിനൊപ്പം ചിറ്റയം ഗോപകുമാർ എം. എൽ. എ യും. ഇന്നലെ ഉച്ചയ്ക്കാണ് പൊലീസ് തടഞ്ഞു നിറുത്തിയ വാഹനങ്ങൾക്ക് മുന്നിൽ എത്തി സർക്കാർ നടപടികളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചത്. 'നമ്മളിൽ ഒരാൾ മതി ഏറെ പേർക്ക് രോഗം പകർന്ന് നൽകാൻ. ഒരു പക്ഷേ നമ്മൾ പോലും അറിയാതെയാണ് ഇൗ രോഗ വ്യാപനം. അതിനാൽ ദയവ് ചെയ്ത് ആദ്യം നിങ്ങളുടെ സുരക്ഷ ഉറപ്പാക്കൂ... ഒപ്പം മറ്റുള്ളവരുടേയും ' എം. എൽ. എ പറഞ്ഞു.
പൊലീസ് ബാരിക്കേട് വച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലം പതിവിൽക്കവിഞ്ഞ വാഹനയാത്രികരാണ് ഇന്നലെ എത്തിയത്. രണ്ട് വരികളായി തിരിച്ച ഗതാഗത സംവിധാനം വഴിയാണ് പൊലീസിനൊപ്പം ആരോഗ്യ വകുപ്പ് പ്രവർത്തകരും ജനങ്ങളെ ബോധവൽക്കരിക്കാൻ ഇറങ്ങിയത്. സർക്കാർ നിർദ്ദേശങ്ങളേയും പ്രതിരോധ പ്രവർത്തനങ്ങളേയും തീർത്തും അവഗണിക്കുന്ന രീതിയിലായിരുന്നു ഒരു വിഭാഗം ആളുകൾ പ്രവർത്തിച്ചത്. ഒരാൾ മാത്രമുള്ള വാഹനങ്ങൾ തടയേണ്ടതില്ലെന്ന നിർദ്ദേശം പൊലീസിനുണ്ടായിരുന്നു. അടുത്ത ദിവസം മുതൽ അനാവശ്യമായി കറങ്ങിയാൽ നടപടി ഉണ്ടാകുമെന്നും അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ പുറത്തിറങ്ങാവൂ എന്നും പൊലീസ് നിർദ്ദേശിച്ചു. 141 പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പൊലീസ് റൂട്ട് മാർച്ച് നടത്തി.അടൂർ പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും ആരംഭിച്ച റൂട്ട് മാർച്ച് സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. ഇന്ന് മുതൽ അനാവശ്യ വാഹന സർവീസ് കൂടുതൽ നിയന്ത്രിക്കുമെന്ന് ഡി. വൈ. എസ്. പി ജവഹർ ജനാർഡ് അറിയിച്ചു.