പത്തനംതിട്ട: ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ മൂന്നംഗം കുടുംബത്തിനും അവരുടെ ബന്ധുക്കളായ ആറു പേർക്കും കൊറോണ സ്ഥിരീകരിച്ചത് ഇക്കഴിഞ്ഞ ഏഴിന് രാത്രിയിലായിരുന്നു. സംസ്ഥാനം ഞെട്ടലോടെ കേട്ട വാർത്തയ്ക്ക് പിന്നാലെ മറ്റു ജില്ലകളിലും കൊറോണ സ്ഥിരീകരിക്കപ്പെട്ടെങ്കിലും 22വരെ പത്തനംതിട്ടയിൽ പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ, ഖത്തറിൽ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശിയായ 42കാരന് ഇക്കഴിഞ്ഞ തിങ്കളാഴ്ച കൊറോണ രോഗം സ്ഥിരീകരിച്ചതോടെ ജില്ല വീണ്ടും കടുത്ത നിയന്ത്രണത്തിലായി.
ഇറ്റലിയിൽ നിന്നെത്തിയ കുടുംബം വഴി നാട്ടുകാരിലേക്ക് കൊറോണ പകരാതിരുന്നതിനാലും വിദേശങ്ങളിൽ നിന്നെത്തിയ ആയിരത്തിലേറെ പേർക്ക് രോഗമില്ലെന്നു കണ്ടെത്തിയതിനാലും ജില്ല കൊറോണയെ പിടിച്ചു കെട്ടിയതിന്റെ ആശ്വാസത്തിലായിരുന്നു. നിയന്ത്രണമുണ്ടെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വരുമ്പോഴാണ് വീണ്ടും കൊറോണ സ്ഥിരീകരിച്ചത്. ഖത്തറിൽ നിന്ന് എത്തിയയാൾക്കൊപ്പം പത്തനംതിട്ടക്കാരായ ഒൻപത് പേർ കൂടി വിമാനത്തിൽ യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇവർ വീടുകളിൽ നിരീക്ഷണത്തിലാണ്. പത്തനംതിട്ട സ്വദേശി ഖത്തർ എയർവേസിന്റെ ക്യു.ആർ.506 വിമാനത്തിൽ 20ന് പുലർച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ടാക്സി കാറിൽ നാട്ടിലേക്ക് തിരിച്ച അദ്ദേഹം വെഞ്ഞാറമൂട്ടിലെ കടയിൽ നിന്ന് ചായ കുടിച്ച ശേഷം പത്തനംതിട്ടയിലെ വീട്ടിലെത്തുകയായിരുന്നു. പനി ലക്ഷണങ്ങളെ തുടർന്ന് 21ന് രാവിലെ ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടു. ആംബുലൻസിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തി സ്രവങ്ങൾ പരിശോധനയ്ക്ക് എടുത്ത ശേഷം അദ്ദേഹത്തെ തിരിച്ച് വീട്ടിലെത്തിച്ചു. പരിശോധന ഫലം പോസിറ്റീവായതിനെ തുടർന്ന് ആംബുലൻസിൽ വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇദ്ദേഹം വിമാനത്തിൽ ഇരുന്ന സീറ്റിന്റെയും സഞ്ചാരപാതയുടെയും ചാർട്ട് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു.