തിരുവല്ല : ജില്ലയിലെ പ്രധാന നെല്ലറയായ അപ്പർകുട്ടനാടൻ പാടശേഖരങ്ങളിൽ കൊയ്ത്തിന് തുടക്കമായി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കൊയ്ത്തുത്സവം അടക്കമുള്ളവ ഒഴിവാക്കിയാണ് കൊയ്ത്തിന് തുടക്കം കുറിച്ചത്. പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽ പാടത്താണ് തിങ്കളാഴ്ച വൈകിട്ട് കൊയ്ത്ത് തുടങ്ങിയത്. തമിഴ്നാട്ടിൽ നിന്നെത്തിച്ച അഞ്ച് കൊയ്ത്ത് യന്ത്രങ്ങൾ ഉപയോഗിച്ചാണ് വിളവെടുപ്പ്. മണിക്കൂറിന് 1800- 1850 രൂപയാണ് കൂലി. വടവടി, പാണാകേരി, കൈപ്പുഴാക്ക എന്നീ പാടങ്ങളിൽ 28ന് മുമ്പ് വിളവെടുപ്പ് തുടങ്ങും. കൊറോണ ജാഗ്രതയുടെ ഭാഗമായുളള നിയന്ത്രണങ്ങൾ വിളവെടുപ്പിനെ എങ്ങിനെ ബാധിക്കുമെന്ന ധാരണ കർഷകർക്കില്ല. വിളവെടുപ്പിന് മുന്നോടിയായി ചുമട്ടുകൂലി ഉൾപ്പടെ നിശ്ചയിക്കുന്നതിന് സാധാരണ ചേരുന്ന യോഗങ്ങളും ഇത്തവണ ഉണ്ടായിട്ടില്ല. ഭൂരിപക്ഷം കർഷകരും സിവിൽ സപ്ലൈസിന്റെ സംഭരണത്തിന് നെല്ലുനൽകുകയാണ്. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഉണ്ടാകാനിടയുള്ള ഭക്ഷ്യധാന്യ ക്ഷാമം നേരിടുന്നതിനായി കൊയ്‌തെടുക്കുന്ന നെല്ല് കാലതാമസം കൂടാതെ സംഭരണ ശാലകളിൽ എത്തിച്ച് അരിയാക്കി വിപണിയിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനം കർഷകർക്ക് ആശ്വാസം പകരുന്നതാണെന്ന് ജില്ലാ പഞ്ചായത്തംഗവും അപ്പർകുട്ടനാട് നെൽകർഷക സംഘം പ്രസിഡന്റുമായ സാം ഈപ്പൻ പറഞ്ഞു. എന്നാൽ കൊറോണ ജാഗ്രതയുടെ ഭാഗമായി പാടശേഖരങ്ങളിൽ നിന്നും നെല്ല് നീക്കുന്നതിലടക്കം അനുഭവപെടുന്ന തൊഴിലാളി ക്ഷാമം നെല്ല് സംഭരണത്തിന് ഭീഷണിയാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

------------

കൊറോണയുടെ പശ്ചാത്തലത്തിൽ കൊയ്ത്തുത്സവമില്ല

തമിഴ്നാട്ടിൽ നിന്ന് 5 കൊയ്ത്ത് യന്ത്രങ്ങളെത്തിച്ചു.

തൊഴിലാളികൾക്ക് ക്ഷാമം