പത്തനംതിട്ട: കൊറോണ രോഗവ്യാപനം ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ജീവന് സംരക്ഷണം നൽകുന്നതിനും പൊതുസമാധാനം നിലനിറുത്തുന്നതിനും ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും 144 പ്രകാരം ജനങ്ങൾ കൂട്ടം കൂടുന്നത് ഈ മാസം 31 അർദ്ധരാത്രി വരെ നിരോധിച്ചതായി ജില്ലാകളക്ടർ പി.ബി നൂഹ് അറിയിച്ചു.


> കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് ഉൾപ്പടെ പൊതുഗതാഗത സംവിധാനങ്ങൾ നിറുത്തിവയ്ക്കണം.

> അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും മെഡിക്കൽ സഹായത്തിനും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാം.

> വാഹനത്തിൽ ഡ്രൈവറെ കൂടാതെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് കൂടി യാത്ര ചെയ്യാം.

> മെഡിക്കൽ ആവശ്യങ്ങൾക്കും അവശ്യസാധനങ്ങൾ കൊണ്ടുപാേകുന്നതിനും മാത്രമേ ഓട്ടോറിക്ഷകളും ടാക്‌സികളും ഉപയോഗിക്കാൻ പാടുള്ളു.

> പെട്രോൾ പമ്പിന്റെ പ്രവർത്തനം, എൽ.പി.ജി യുടെ വിതരണം എന്നിവ തടസപ്പെടുത്താൻ പാടില്ല.


......................


> കടകൾ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ


പലചരക്ക്, പച്ചക്കറി, പാൽ, മൽസ്യം, മാംസം തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ മാത്രമേ പ്രവർത്തിക്കാൻ പാടുളളു. മറ്റ് ഒരു സ്ഥാപനങ്ങളും ഈ കാലയളവിൽ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി മാത്രമായി ഭക്ഷണം നൽകാം. ഹോട്ടലുകളിൽ ഭക്ഷണം വിളമ്പാൻ പാടില്ല. മെഡിക്കൽ ഷോപ്പുകൾ സമയപരിധി ബാധകമല്ലാതെ പ്രവർത്തിക്കണം.


> ആരാധനാലയങ്ങളിൽ ചടങ്ങുകൾ മാത്രം


ആരാധനാലയങ്ങളിൽ ഒഴിച്ച് കൂടാനാവാത്തതും ആചാര അനുഷ്ഠാനത്തിന്റെ ഭാഗവുമായ ചടങ്ങുകൾ മാത്രമേ നടത്താവു. യാതൊരു കാരണവശാലും അഞ്ചിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ആരാധനകളോ, ഉൽസവങ്ങളോ മറ്റു ചടങ്ങുകളോ നടത്താൻ പാടില്ല.

> സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിന് ഭംഗം വരാത്ത രീതിയിൽ നിയന്ത്രിതമായി ജീവനക്കാരെ നിലനിറുത്തി പ്രവർത്തിപ്പിക്കാം.
> ജനങ്ങൾ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല.