റാന്നി: കൊറോണ പ്രതിരോധം ശക്തമായതോടെ റാന്നി ടൗണിൽ ഉൾപ്പെടെ കത്തുകളും പോസ്റ്റൽ ഉരുപടികളും എത്തിക്കുന്ന പഴവങ്ങാടി പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാൻ മോഹനനും കടുത്ത ജാഗ്രതയിലാണ്. മാസ്ക്ക് ധരിച്ച് കൈയ്യിൽ തപാൽ ഉരുപടികളും സാനിട്ടിറി ലായനിയുമാണ് മോഹനന്റെ വരവ്. റാന്നി ഇട്ടിയപ്പാറ ടൗൺ, ആനത്തടം, കോളേജ് തടം, ഐത്തല റോഡ്, സെന്റ്.തോമസ് സ്‌കൂൾ ജംഗ്ഷൻ തുടങ്ങി വീടുകളിലും ഓഫീസുകളിലുമായി ദിവസേനേ 300 ലധികം കത്തിടപാടുകളാണ് നടത്തുന്നത്. മാടമൺ വടക്ക് ദീപ്തി ഭവനിൽ ടി.ജി മോഹനന് (59) പോസ്റ്റ് ഓഫീസിൽ ജോലി ലഭിച്ചിട്ട് 23 വർഷമാകുന്നു. ഇറ്റലി സ്വദേശികൾ സന്ദർശിച്ച പഴവങ്ങാടി പോസ്റ്റു ഓഫീസിലാണ് ജോലി. ആകെ ആറു ജീവനക്കാരിൽ അഞ്ചു പേരും അവധിയിലാണ്.ഒരു ദിവസം ഓഫീസ് അടച്ചിരുന്നെങ്കിലും പിന്നീട് മറ്റ് സ്ഥലങ്ങളിൽ നിന്ന് ജോലിക്കാർ എത്തി തുറന്നു പ്രവർത്തിക്കുകയായിരുന്നു.