മല്ലപ്പള്ളി: മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റിൽ ഭവന നിർമ്മാണത്തിനും ആരോഗ്യമേഖലയ്ക്കും മുൻഗണന. മല്ലപ്പള്ളി, കല്ലൂപ്പാറ ആശുപത്രികളിൽ മരുന്നു വാങ്ങുന്നതിന് 10 ലക്ഷം രൂപയും താലുക്ക് ആശുപത്രിയിൽ ഉപകരണങ്ങൾ വാങ്ങൽ, പാലിയേറ്റീവ് കെയർ, പാരാമെഡിക്കൽ സ്റ്റാഫ് നിയമനം എന്നിവയ്ക്കായി 32.5 ലക്ഷം രൂപയും വനിതകൾക്ക് കാൻസർ രോഗനിർണ്ണയവും തുടർചികിത്സയും നടത്തുന്നതിന് 5.25 ലക്ഷം രൂപയും വകയിരുത്തി. ഭവന നിർമ്മാണ പദ്ധതിയായ ലൈഫിന് 75 ലക്ഷം രൂപ നീക്കിവച്ചു. മൃഗസംരക്ഷണ മേഖലയിൽ ക്ഷീരസമൃദ്ധി പദ്ധതിക്കായി 35 ലക്ഷം രൂപയും കാലിത്തീറ്റ സബ്‌സിഡിക്കായി 30 ലക്ഷം രൂപയും, കന്നുകാലി ഇൻഷ്വറൻസിനായി 5 ലക്ഷം രൂപയും വകയിരുത്തി. 12 ലക്ഷം രൂപ മുടക്കി കോട്ടാങ്ങൽ പഞ്ചായത്തിൽ മൃഗാശുപത്രി പണിയും. നെൽകൃഷിക്ക് 7.5 ലക്ഷം രൂപ ചെലവഴിക്കും. ഭിന്നശേഷിക്കാർക്ക് ട്രൈസ്‌കൂട്ടർ വാങ്ങുന്നതിന് 7 ലക്ഷം രൂപയും, സ്‌കോളർഷിപ്പിന് 2 ലക്ഷം രൂപയും വകയിരുത്തി. സ്‌കൂളുകളിൽ ശാസ്ത്ര ഉദ്യാനം പരിപാടിക്കായി 3.5 ലക്ഷം രൂപ വകയിരുത്തി. പൊതു ശ്മശാനങ്ങൾ നവീകരിക്കുന്നതിന് 17 ലക്ഷം രൂപ നീക്കിവച്ചു. കുടിവെള്ള പൈപ്പ് ലൈനിനും വൈദ്യുതി ലൈനിനുമായി 35 ലക്ഷം രൂപയും പൊതുകിണറുകൾക്ക് 7 ലക്ഷം രൂപയും വകയിരുത്തി. 9,13,19,488 രൂപ വരവും, 9,01,43,000 രൂപ ചെലവും 1,76,488 രൂപ മിച്ചവുമുള്ള ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ദിനേശ് അവതരിപ്പിച്ചു. പ്രസിഡന്റ് ശോശാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ എസ്. ശ്രീലേഖ, അംഗങ്ങളായ കുഞ്ഞുകോശി പോൾ, മിനു സാജൻ, കെ. സതീശ്, കോശി പി. സഖറിയ, മനുഭായ് മോഹൻ, സി.കെ. ലതാകുമാരി, ഷിനി കെ. പിള്ള, സെക്രട്ടറി ബി. ഉത്തമൻ എന്നിവർ പ്രസംഗിച്ചു.