പത്തനംതിട്ട: കൊറോണാ വൈറസിന്റെ പകർച്ച തടയുന്നതിനുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന പ്രവർത്തനത്തിന് പൊലീസ് ശക്തമായി രംഗത്തുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ അറിയിച്ചു. ജില്ലാ അതിർത്തി പ്രദേശങ്ങളിലും മറ്റും പൊലീസ് സാന്നിദ്ധ്യം ഉണ്ടാകും. സ്വകാര്യ വാഹനങ്ങളിലെ യാത്രകൾ കർശനമായി നിരീക്ഷിക്കും. അത്യാവശ്യമുള്ള യാത്രകൾ മാത്രമേ അനുവദിക്കൂ. ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കുന്നതായി ഉറപ്പാക്കും.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടവർ നിർദേശങ്ങൾ ലംഘിച്ചുകറങ്ങി നടന്നതിന് ഉൾപ്പെടെ ജില്ലയിൽ കൊറോണയുമായി ബന്ധപ്പെട്ട് 17 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ മാസം 13 മുതൽ 23 വരെ എടുത്ത കേസുകളാണിത്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസലേഷൻ വാർഡിൽ കഴിഞ്ഞുവന്നിരുന്ന ഒരാളും വീടുകളിൽ നിരീക്ഷണത്തിൽ ആയിരുന്ന 21 പേർ പുറത്തു കറങ്ങിനടന്നതിനു 13 കേസുകൾ രജിസ്റ്റർ ചെയ്തു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയത്തിന് ഒരു കേസും കൂട്ടംകൂടാൻ പാടില്ലെന്ന നിർദേശം ലംഘിച്ച് റോഡ് തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഒരു കേസും കൊറോണ രോഗം സ്ഥിരീകരിച്ചു എന്ന രീതിയിൽ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് മൂന്നു കേസുകളും രജിസ്റ്റർ ചെയ്തു. നിരീക്ഷണത്തിലായിട്ടും യാതൊരുവിവരവും തരാതെ അമേരിക്കയിലേക്കു പോയ രണ്ടുപേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. പ്രതിരോധനടപടികൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ പൊലീസ് ആസ്ഥാനത്ത് നോഡൽ ഓഫീസറായി പത്തനംതിട്ട ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.ജോസിനെ നിയമിച്ചു. ജനമൈത്രി പൊലീസിന്റെ വിവിധ പ്രവർത്തനങ്ങൾ ജില്ലാ നോഡൽ ഓഫീസറായ സി ബ്രാഞ്ച് ഡി.വൈ.എസ് .പി: ആർ.സുധാകരൻ പിള്ളയുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ചു വരുന്നു. വാഹനങ്ങൾ പരിശോധിക്കുന്നതിൽ ആരോഗ്യവകുപ്പ് അധികൃതർക്കൊപ്പം പൊലീസുമുണ്ടാകും.
കൊറോണ രോഗത്തെ സംബന്ധിച്ച് വ്യാജ വാർത്തകൾ പടച്ചുവിടുന്നവർക്കെതിരേയും സാമൂഹ്യ മാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരേയും ജില്ലാ സൈബർ സെല്ലിന്റെ സേവനം പ്രയോജനപ്പെടുത്തി ശക്തമായ നിയമ നടപടികളെടുക്കും. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കത്തക്ക വിധത്തിൽ പോസ്റ്റുകൾ ഇടുന്നത് ജില്ലാ സൈബർസെൽ നിരീക്ഷിച്ചിവരുന്നു. അവശ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിന് നടപടിയെടുക്കും.