മൂന്ന് ജനറൽ സെക്രട്ടറിമാരെ കൂടി നിയമിക്കാനും നീക്കം
തിരുവനന്തപുരം: നാളുകളായുള്ള അനിശ്ചിതത്വം അവസാനിപ്പിച്ച് കെ.പി.സി.സിക്ക് പുതിയ സെക്രട്ടറിമാരെ നിയമിക്കാനുള്ള നീക്കം ഊർജിതപ്പെടുത്തിയ സംസ്ഥാന നേതൃത്വം, എൺപതോളം പേരടങ്ങുന്ന ജംബോ പട്ടികയുമായി ഹൈക്കമാൻഡിനെ സമീപിച്ചു.
പട്ടികയിൽ തഴയപ്പെട്ടവരുടെ പരാതിപ്രളയം പിന്നാലെ ഡൽഹിയിലേക്ക് പ്രവഹിച്ചതോടെ പന്ത് ഹൈക്കമാൻഡിന്റെ കോർട്ടിലായി. കെ.പി.സി.സി നിർവാഹകസമിതിയിലേക്ക് അമ്പതോളം പേരടങ്ങുന്ന മറ്റൊരു പട്ടികയും ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ട്. നേരത്തേ നിയമിച്ച 34 പേർക്ക് പുറമേ, മൂന്ന് പേരെ കൂടി ജനറൽസെക്രട്ടറിമാരായി ഉൾപ്പെടുത്തണമെന്ന നിർദ്ദേശവുമുണ്ട്. വിജയൻ തോമസ്, വി.ജെ. പൗലോസ്, മുഹമ്മദ് കുഞ്ഞി എന്നിവരാണിവർ. സാമുദായിക പ്രാതിനിദ്ധ്യം ഉറപ്പാക്കാനാണിതെന്നാണ് വിശദീകരണം.
കൊറോണ മഹാമാരിയെ തടഞ്ഞുനിറുത്താനുള്ള പ്രയത്നത്തിൽ നാടാകെ ഏർപ്പെട്ടിരിക്കെ, പിൻവാതിലിലൂടെ ഭാരവാഹികളെ തിരുകിക്കയറ്റാനുള്ള നീക്കമാണ് നേതൃത്വം നടത്തുന്നതെന്നാണ് തഴയപ്പെട്ടവരുടെ ആക്ഷേപം. പാർട്ടിയിൽ പ്രവർത്തനരംഗത്ത് സജീവമായവരെ പിന്തള്ളി ഒരു പരിപാടിയിലും കണ്ടിട്ടില്ലാത്തവരെ ഗ്രൂപ്പ് പിൻബലത്തിൽ പട്ടികയിൽ കയറ്റിയെന്നാണ് ഹൈക്കമാൻഡിലെത്തിയതിൽ ഒരു പ്രധാന പരാതി.
സെക്രട്ടറിമാരുടെ എണ്ണം നാല്പതിലൊതുക്കണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചെങ്കിലും എ, ഐ ഗ്രൂപ്പുകൾ 25 പേരെ വീതമുൾക്കൊള്ളിച്ച് സ്വന്തം പട്ടികകൾ നൽകിയതോടെ ആ നീക്കം പാളി. 25ൽ നിന്ന് ആരെയെങ്കിലും മാറ്റാൻ ഗ്രൂപ്പുകൾ വിസമ്മതിച്ചു. പിന്നാലെ വി.എം. സുധീരൻ, പി.സി. ചാക്കോ, കെ.വി. തോമസ്, പി.ജെ. കുര്യൻ തുടങ്ങിയവരുടെ നോമിനികളെയും ഉൾപ്പെടുത്തേണ്ടിവന്നു. വനിതാപ്രാതിനിദ്ധ്യത്തിന് പ്രത്യേക ക്വോട്ടയുണ്ടാക്കി. പ്രവർത്തനരംഗത്ത് സജീവമായ ചിലരെ ഒഴിവാക്കാനാവില്ലെന്ന നിലപാട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമെടുത്തതോടെയാണ് പട്ടിക എൺപതിനടുത്തെത്തിയത്. നിർവാഹകസമിതിയിലേക്കും ഇരുപത് പേരുടെ വീതം പട്ടികകൾ എ, ഐ ഗ്രൂപ്പുകൾ നൽകിയിട്ടുണ്ട്. ഇതിന് പുറമേ, മറ്റ് പരിഗണനകൾ കൂടിയായപ്പോൾ ഈ പട്ടികയും നീണ്ടു.
" മെയ്യനങ്ങാത്തവരും പ്രായം
കൂടിയവരും പട്ടികയിൽ"
സെക്രട്ടറിമാരിൽ യുവപ്രാതിനിദ്ധ്യം ഉറപ്പാക്കിയെന്ന് നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും അതിനെതിരെയും വിമർശനമുയരുന്നുണ്ട്. പ്രായക്കൂടുതലാണ് ഇവിടെയും പരിഗണിക്കപ്പെട്ടതെന്ന വിമർശനമാണുയർത്തുന്നത്. ഡി.സി.സി പ്രസിഡന്റുമാർ നയിച്ച ജില്ലാ ജാഥകളിൽ പോലും തിരിഞ്ഞുനോക്കാത്തവരെയും പുതിയ പട്ടികയിലുൾപ്പെടുത്തിയെന്ന വിമർശനവുമുയരുന്നു.
ജംബോ പട്ടികയോടുള്ള ഹൈക്കമാൻഡിന്റെ സമീപനമാകും നിർണായകമാവുക. പട്ടിക തിരുത്താൻ ആവശ്യപ്പെട്ടേക്കാം. കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്കിടെ, ഇക്കാര്യത്തിൽ ഉടനൊരു തീർപ്പുണ്ടാവുമോ എന്നതും കണ്ടറിയണം.