പത്തനംതിട്ട: ആബിദയുടെ കാഴ്ചയിൽ നിറങ്ങൾക്ക് തെളിച്ചം കുറവായിരുന്നു പക്ഷേ,അങ്ങനെ തോറ്റുകൊടുക്കാൻ തയാറായിരുന്നില്ല അവൾ.സംഗീതം പഠിച്ചു,ചാക്യാർകൂത്തും ഓട്ടൻതുള്ളലും പഠിച്ചു.മുപ്പത്തിയൊന്നു വയസിനിടെ ഇരുപത്തിയഞ്ചോളം വേദികളിൽ കർണാടക സംഗീതക്കച്ചേരി അവതരിപ്പിച്ചു.വിധിയോടു പൊരുതാനുറച്ച് ഇറങ്ങിയപ്പോൾ വീട്ടുകാർ കൂടെനിന്നു.പത്തനംതിട്ട വലഞ്ചുഴിയിൽ മുസ്ളിം കുടുംബത്തിൽ പിറന്ന പെൺകുട്ടി സംഗീതവും ക്ഷേത്രകലകളും പഠിക്കാനിറങ്ങിയപ്പോൾ എതിർപ്പുകൾ ചെറുതായിരുന്നില്ല.കാഴ്ചക്കുറവുള്ള മകളുടെ സന്തോഷമായിരുന്നു അച്ഛൻ അബ്ദുൾ കബീറിനും അമ്മ ഹദീജയ്ക്കും വലുത്.ഏഴാം വയസിൽ കർണാടകസംഗീതം പഠിച്ചു തുടങ്ങി. 12-ാം വയസു മുതൽ ക്ഷേത്രകലകൾ പഠിച്ചു. ഇപ്പോൾ വാഴമുട്ടം ഗവ.യു.പി സ്കൂൾ അദ്ധ്യാപികയായ ആബിദ,സ്കൂൾ പഠനകാലത്ത് കലോത്സവ വേദികളിൽ നിറസാന്നിദ്ധ്യമായിരുന്നു.ഒൻപതു വർഷം സബ് ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ കലാതിലകം.സംസ്ഥാന കലോത്സവത്തിൽ അഞ്ചു വർഷം എ ഗ്രേഡ്.എം.ജി സർവകലാശാലാ കലോത്സവത്തിൽ പ്രച്ഛന്നവേഷ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരി.കേരളോത്സവത്തിൽ ജില്ലാ കലാതിലകം.ഇപ്പോഴും വേദികളിൽ സജീവമായ ആബിദ അടുത്തിടെ,ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ഓട്ടൻതുളളൽ അവതരിപ്പിച്ചിരുന്നു.
കണ്ണട മാറ്റിയാൽ കാഴ്ച മങ്ങും
പിറവിയിലേയുള്ള കാഴ്ചത്തകരാറിന് ഇതുവരെ എട്ട് ശസ്ത്രക്രിയകൾ കഴിഞ്ഞു.കണ്ണട വച്ചാൽ 20മീറ്റർ വരെ കാണാം, കണ്ണട മാറ്റിയാൽ കാഴ്ച മങ്ങും. അദ്ധ്യാപികയായപ്പോൾ തനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിലും മറ്റുള്ളവർക്ക് അതില്ലായിരുന്നുവെന്ന് ആബിദ പറയുന്നു.പക്ഷേ, കുട്ടികൾ ടീച്ചർക്കൊപ്പം നിന്നു. മലപ്പുറത്ത് രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനാണ് ഭർത്താവ് സുഹൈൽ. ഒരുവയസുകാരി അമാനിയാണ് മകൾ.
ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകും. അതിനു മുന്നിൽ പതറിപ്പോകരുത്. എന്തും നേരിടാനുള്ള മനസാണ് വേണ്ടത്. എല്ലാവരിൽ നിന്നും സ്നേഹവും കരുണയും പ്രതീക്ഷിക്കരുത്.എന്തിനെയും ആത്മവിശ്വാസത്തോടെ നേരിടുക.
(ആബിദ കബീർ)