1
അടൂർ ഹിരണ്യ

കടമ്പനാട് : മൂന്നരപ്പതിറ്റാണ്ടായി നാടകത്തിന് സമർപ്പിച്ച ജീവിതമാണ് അടൂർ കയ്യാലക്കൽ താഴയിൽ ശ്രീകുമാറെന്ന അടൂർ ഹിരണ്യയുടേത്. പ്രശസ്തിയും പണവും ഹിരണ്യയുടെ കലാജീവിതത്തെഭ്രമിപ്പിച്ചിട്ടില്ല. കയ്പേറിയ ജീവിതസാഹചര്യങ്ങൾ പിൻമാറ്റത്തിന് പ്രേരിപ്പിച്ചിട്ടുമില്ല. ജീവിതത്തിലേറെ സമയവും ചെലവഴിച്ചത് കുട്ടികളുടെ നാടകത്തിന് വേണ്ടിയാണ്. 1992 ൽ പന്നിവിഴ കേന്ദ്രമാക്കി പ്രണവം നാടകസഭ-ചിൽഡ്രൻസ് തീയറ്റർ സ്ഥാപിച്ചു. 69 നാടകങ്ങൾ സംവിധാനംചെയ്തു. പ്രണവം നാടകസഭയിലൂടെ നിരവധി കുട്ടികളെയാണ് നാടകരംഗത്തേക്ക് കൊണ്ടുവന്നത്. സർഗാത്മകതയുടെ സമന്വയമാണ് കുട്ടികളുടെ നാടകവേദികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഹിരണ്യ പറയുന്നു. വ്യക്തിത്വത്തിന്റെ വികാസമാണ് കുട്ടികളുടെ നാടകവേദി പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. രക്ഷാകർത്താക്കൾ വിമുഖതകാട്ടുന്നതിനാൽ കുട്ടികൾ നാടകരംഗത്തേക്ക് അധികം വരുന്നില്ല. എങ്കിലും എല്ലാവർഷവും പത്ത് പേരെയെങ്കിലും അരങ്ങിലെത്തിക്കും. വിവാഹജീവിതം പോലും ഉപേക്ഷിച്ചാണ് ഹിരണ്യയുടെ കലാജീവിതം. തിരിഞ്ഞുനോക്കുമ്പോൾ വർണപ്പകിട്ടിന്റെ വിസ്മയങ്ങളില്ലെങ്കിലും കാലത്തിന്റെ ഉരകല്ലിൽ മാറ്റ് തെളിയിച്ച ഒരു പിടി നല്ല നാടകങ്ങൾ കൂട്ടിനുണ്ട്. നരേന്ദ്രപ്രസാദിന്റെ ' മാർത്താണ്ഡവർമ്മ എങ്ങനെ രക്ഷപ്പെട്ടു' കാവാലം നാരായണപ്പണിക്കരുടെ ' ഒറ്റയാൻ', ജി ശങ്കരപ്പിള്ളയുടെ ' ആസ്ഥാനവിഡ്ഢികൾ' എൻ എൻ പിള്ളയുടെ 'ജഡ്ജ് മെന്റ്' പി കെ ആന്റണിയുടെ 'സോക്രട്ട്രീസ്', കെ കുറ്റിയിലിന്റെ 'ഒരു ദേവന്റെ ഒാർമ്മയ്ക്ക് ' എന്നിവയാണ് സംവിധാനം ചെയ്ത പ്രധാന അമച്വർ നാടകങ്ങൾ. ജി ശങ്കരപിള്ളയുടെ 'വേനലിൽ വിരിഞ്ഞപൂക്കൾ', പ്ലാവിലതൊപ്പികൾ,പൊന്നുംകുടം, വയലാവാസുദേവൻപിള്ളയുടെ തേൻകനി, തിരകൾ, എംകെ രാഘവൻ നമ്പ്യാരുടെ കണ്ണുണ്ടായാൽ പോരാ കാണണം, കെ തായാട്ടിന്റെ പെരുന്തച്ചന്റെ പാവ, കെ പി എ സി ചിൽഡ്രൻസ് തീയേറ്ററിന്റെ മരമുത്തശ്ശിപറഞ്ഞ മുത്തശ്ശിക്കഥ,അക്കരെ കണ്ടാൽ ഇക്കരെപ്പച്ച, ഒരു മഞ്ഞുകാലത്ത് , തുടങ്ങിയവയാണ് സംവിധാനം ചെയ്ത കുട്ടികളുടെ നാടകങ്ങൾ. ലക്ഷ്മി മംഗലത്തിന്റെ സ്കൂൾപൊലീസ്, പനിനീർപൂക്കൾ,നന്ദിനികുട്ടിയോട് അമ്മപറഞ്ഞത് എന്നീ റേഡിയോ നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.