പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ച് പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ കൂടി നിന്നവരെ പൊലീസ് ലാത്തി വീശി വിരട്ടിയോടിച്ചു. ഇന്നലെ രാവിലെയാണ് നിരോധനാജ്ഞ ലംഘിച്ച് ആളുകൾ കൂടി നിന്നത്. ഇവരാേട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തിതിനെ തുടർന്നാണ് ലാത്തി വീശിയത്. 11പേർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
നഗരത്തിൽ കറങ്ങാൻ ഇറങ്ങുന്നവരെ തിരിച്ചയയ്ക്കുകയാണ് ഇപ്പോൾ പൊലീസിന്റെ പ്രധാന ജോലി. ഇന്നലെ യാതൊരു ആവശ്യവും ഇല്ലാതിരിക്കെ നഗരം എങ്ങനെയുണ്ടെന്ന് നിരീക്ഷിക്കാൻ എത്തിയത് നിരവധി പേരാണ്.. ബൈക്കു കളിലും കാറുകളിലുമായി എത്തിയ ഇവരെ താക്കീത് ചെയ്ത് പൊലീസ് തിരിച്ചയച്ചു. ഇത് തുടർന്നാൽ തടവും പിഴയും ഉണ്ടാകുമെന്ന് സൂചിപ്പിച്ചു. . യാത്രാ ആവശ്യം കാണിച്ചുള്ള ഫോറം പൂരിപ്പിച്ച് കൈവശം വച്ചവരെ മാത്രമാണ് യാത്ര തുടരാൻ അനുവദിച്ചത്. അഴൂർ ജംഗ്ഷൻ, സ്റ്റേഡിയം, സെന്റ് പീറ്റേഴ്സ്, അബാൻ, എസ്.പി.ഓഫീസ് എന്നിവിടങ്ങളിൽ പൊലീസിന്റെ പരിശോധന ഉണ്ടായിരുന്നു. ബുധനാഴ്ച ധാരാളം പേർ നഗരത്തിൽ എത്തിയിരുന്നു. അവശ്യ സർവീസുകളിൽപ്പെട്ട ചില കടകൾ, മെഡിക്കൽ സ്റ്റോറുകൾ, പഴം-പച്ചക്കറി കടകൾ മാത്രമാണ് തുറന്നിരുന്നത്. ബാങ്കുകൾ ഉച്ചവരെ പ്രവർത്തിക്കുന്നെങ്കിലും ഇടപാടുകൾ പരിമിതമാണ്. നഗരത്തിൽ എത്തുന്നവരെ നിയന്ത്രിച്ച് പറഞ്ഞു വിടുക എന്നത് പൊലീസിന് തലവേദനയായിട്ടുണ്ട്. വരും ദിവസങ്ങളിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമം നേരിടുമെന്ന ആശങ്കയിൽ കൂടുതൽ സാധനങ്ങൾ വാങ്ങിക്കൂട്ടാനും ആളുകൾ ശ്രമിക്കുന്നുണ്ട്.