തിരുവല്ല: ചെറുതും വലുതുമായ അപകടങ്ങൾ തുടർക്കഥയാകുകയാണ് കറ്റോട്.തിരുവല്ല -കുമ്പഴ സംസ്ഥാന പാതയിലെ കറ്റോട് വളവിൽ കഴിഞ്ഞദിവസം രാത്രി ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഒടുവിലേത്തേത്. കല്ലൂപ്പാറ സ്വദേശികളായ എ.ആർ രാജീവ് (31),പുത്തൻപുരയിൽ സുനിൽ(35) എന്നിവരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്.തുരുത്തിക്കാട് കോമളം സ്വദേശിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. മനയ്ക്കച്ചിറ മുതൽ കറ്റോട് വളവുവരെ വലിയ അപകടമേഖലയാണ്.10 വർഷത്തിനുള്ളിൽ 20 പേരെങ്കിലും ഈ ഭാഗത്ത് മരിച്ചിട്ടുണ്ട്. ആഴ്ചയിൽ രണ്ട് അപകടങ്ങളെങ്കിലും ഇവിടെ പതിവാണ്.കല്ലൂപ്പാറ സ്വദേശിയായ പ്രവാസി മലയാളിയും രണ്ടുമാസം മുമ്പ് ഇവിടെ മരിച്ചു. രണ്ട് വർഷം മുൻപ് കെ.എസ്ആർ.ടി.സി ബസ് ഇടിച്ച് രണ്ട് ബൈക്ക് യാത്രക്കാർ ഇവിടെ മരിച്ച സംഭവവും ഉണ്ടായി.ടാർ മിക്‌സിംഗ് യൂണിറ്റ് വാഹനം കറ്റോട് പാലത്തിൽനിന്നും തോട്ടിലേക്ക് മറിഞ്ഞ് കോട്ടയം സ്വദേശി മരിച്ചതും രണ്ടു വർഷം മുമ്പാണ്.ഒരുവർഷം മുൻപ് വളവിലെ മതിലിലിടിച്ച് സ്കൂട്ടർ യാത്രക്കാരനും മരിച്ചു.വാഹനങ്ങളുടെ അമിത വേഗമാണ് അപകടത്തിന് കാരണം.മൂന്നുവർഷം മുമ്പാണ് ഈ റോഡ് ഉയർന്ന നിലവാരത്തിൽ ഉയർത്തിയത്. റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്തതോടെ സാധാരണയിൽ കവിഞ്ഞ വേഗത്തിലാണ് വാഹനങ്ങൾ പായുന്നത്. ഇരുചക്ര വാഹനയാത്രക്കാർ പോലും 80 കിലോമീറ്റർ വേഗത്തിലാണ് പോകുന്നത്.ഇതുമൂലം ഇരുചക്ര വാഹനങ്ങൾ തമ്മിൽ ഇടിച്ച് അപകടങ്ങൾ പതിവാകുന്നു.
വീതികൂടിയ റോഡിൽ ഇടുങ്ങിയപാലം
പാലത്തിന്റെ വീതിക്കുറവ്, കൊടും വളവ്, പാലത്തിന്റെ കിഴക്കുഭാഗത്ത് നേർരേഖയിലുള്ള റോഡ് എന്നിവയാണ് അപകടത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ. കറ്റോട് വളവിന് തൊട്ടുമുന്നിലാണ് ഇടുങ്ങിയ പാലം.ടി.കെ.റോഡിലെ അപകടമേഖലയിൽ മുൻഗണനാക്രമം എന്നും കറ്റോട് പാലത്തിനാണ്.നിരവധി വാഹനങ്ങൾ അപകടത്തിൽപെടുന്നത് കറ്റോടിനും തോട്ടഭാഗത്തിനുമിടയിലാണ്.
-10 വർഷത്തിനിടെ 20 മരണം
-ആഴ്ചയിൽ 2 അപകടങ്ങൾ
പ്രധാന കാരണം
-വാഹനങ്ങളുടെ അമിത വേഗം
-പാലത്തിന് വീതി കുറവ്
-കൊടുംവളവ്
വീതികൂടിയ റോഡിലെ ഇടുങ്ങിയ പാലം പൊളിച്ച് പുതിയത് നിർമ്മിക്കണമെന്ന് നാളുകളായുള്ള ആവശ്യമാണ്. ഇവിടുത്തെ വളവ് ശാസ്ത്രീയമായി പരിഷ്‌ക്കരിക്കണം
(പ്രദേശവാസികൾ)