തിരുവല്ല: കൊറോണ രോഗത്തിന്റെ ജാഗ്രതാ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമ നടപടിയെന്ന് മാത്യു ടി.തോമസ് എം.എൽ.എ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ തദ്ദേശ ജനപ്രതിനിധികളെയും പൊലീസ് - റവന്യൂ ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളിച്ച് നടന്ന അവലോകന യോഗത്തിലായിരുന്നു എം.എൽ.എയുടെ മുന്നറിയിപ്പ്. നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയിലും അവലോകന യോഗങ്ങൾ നടത്തി.വാർഡ് അടിസ്ഥാനത്തിൽ നിരീക്ഷണത്തിലുള്ളവരുടെ പട്ടിക തയാറാക്കി. രോഗബാധ വ്യാപിക്കുന്ന സാഹചര്യമുണ്ടായാൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കുന്നതിനായി ഫ്ലാറ്റുകൾ,തിരക്ക് കുറഞ്ഞ ആശുപത്രികൾ,ആൾത്താമസമില്ലാത്ത വീടുകൾ എന്നിവ കണ്ടെത്തുന്നതിനായി തദ്ദേശ തലത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.ആരോഗ്യവകുപ്പും തദ്ദേശ ഭരണസ്ഥാപനങ്ങളും നൽകുന്ന മുന്നറിയിപ്പുകളും നിർദേശങ്ങളും അവഗണിക്കുന്നതിനെതിരെ കഴിഞ്ഞദിവസവും മുന്നറിയിപ്പ് നൽകിയിരുന്നു. കളക്ട്രേറ്റിറ്റിൽ ചേർന്ന അവലോകന യോഗത്തിലാണ് കൊറോണ വ്യാപനം ഇനി ഏറ്റവും കൂടുതൽ ബാധിക്കാൻ സാദ്ധ്യതയുള്ള സ്ഥലം തിരുവല്ലയായിരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.