നാരങ്ങാനം: ആളും ആരവവുമില്ലാതെ മാതാപിതാക്കളേയും ഗ്രാമമുഖ്യനേയും സാക്ഷിയാക്കി നേഹയും,ശ്യാമും പുതു ജീവിതത്തിലേക്ക് കടന്നു.നാരങ്ങാനം വലിയകുളം വടക്കേപ്പുറത്ത് സോമരാജൻ നായരുടേയും, സാവിത്രിയമ്മയുടേയും മകൾ നിക്കി എന്ന ഓമനപ്പേരുള്ള നേഹയും,കടമ്മനിട്ട പുളിക്കൽ വീട്ടിൽ ലക്ഷ്മണൻ നായരുടേയും തുളസിയുടേയും മകൻ ശ്യാമും തമ്മിലുള്ള വിവാഹമാണ് ലളിതമായ ചടങ്ങിൽ മഠത്തുംപടി ദേവീക്ഷേത്രത്തിൽ നടന്നത്.നിശ്ചയിച്ച മുഹൂർത്തത്തിന് 10 മിനിട്ട് മുമ്പാണ് മതാപിതാക്കളേയും കൂട്ടി മധൂവരന്മാർ മണ്ഡപത്തിലെത്തിയത്. വരന്റെ ഗുരുനാഥൻ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരനും മാതാപിതാക്കൾക്കും ദക്ഷിണ നൽകിയ ശേഷം താലി കെട്ട്.എൻ.എസ്.എസ്.കരയോഗം പ്രസിഡന്റ് രഘൂത്തമൻ നായർ റജിസ്റ്ററിൽ ഒപ്പ് ഇടീപ്പിച്ചതോടെ 15മിനിട്ടിനുള്ളിൽ ചടങ്ങുകൾ അവസാനിച്ചു.ദേവീ സന്നിധിയിൽ വണങ്ങി വധൂവരന്മാർ യാത്രയായി.ഗൾഫിൽ ജോലി ചെയ്യുന്ന ശ്യാം രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്.കൊറോണ നൽകിയ പാഠമുൾക്കൊണ്ട് എല്ലാ വിവാഹങ്ങളും ഇങ്ങനെ നടത്താൻ എല്ലാവരും തയാറാകണമെന്ന് വധൂവരന്മാർക്ക് ആശംസ അർപ്പിച്ച് സംസാരിച്ച പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.