ഇലവുംതിട്ട:കൊറോണ രോഗ നിരീക്ഷണത്തിലുളളവർക്ക് ഭക്ഷണം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിൽ ബഹളം.മെഴുവേലി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിലാണ് ഒരു പഞ്ചായത്ത് അംഗവും ജീവനക്കാരും തമ്മിലുളള തർക്കം കൈയ്യാങ്കളിയുടെ വക്കോളം എത്തിയത്.കൈയ്യംതടം,മേലുത്തേതിൽ മുക്ക്,കോങ്ങനാൽ,തൊഴിക്കോട്,തുടങ്ങിയ ഇടങ്ങളിലായി 106 പേർ രോഗ നിരീക്ഷണത്തിലാണെന്നും ഇവർക്ക് സൗജന്യ ഭക്ഷണത്തിനുളള പണം ഉടൻ വേണമെന്നും പഞ്ചായത്ത് അംഗം ആവശ്യപ്പെട്ടു. രോഗ നിരീക്ഷണത്തിലുളളവരുടെ റിപ്പോർട്ടുകൾ ഇല്ലെന്നും ഹെൽത്ത് ഇൻസ്‌പെക്ടറുടെ റിപ്പോർട്ട് ഉണ്ടെങ്കിൽ അവ പരിശോധിച്ച് പഞ്ചായത്ത് ഭരണ സമിതി അടിയന്തര തീരുമാനം എടുക്കാമെന്ന് സെക്രട്ടറിയും ജീവനക്കാരും മറുപടി പറഞ്ഞപ്പോഴാണ് തർക്കമായത്. മറ്റുള്ളവർ ഇടപെട്ടാണ് ശാന്തമാക്കിയത്.