കോന്നി: കൊറോണയുമായി ബന്ധപ്പെട്ട് വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് കെ.യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെയും, വ്യാപാരി സംഘടനാ നേതാക്കളുടെയും സംയുക്ത യോഗം കോന്നി താലൂക്ക് ഓഫീസിൽ ചേർന്നു. വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സമയക്രമം നിർബന്ധമായും പാലിക്കണമെന്ന് യോഗം തീരുമാനിച്ചു. സമയക്രമം പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കും. വ്യാപാരസ്ഥാപനങ്ങളിൽ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഒരു കാരണവശാലും അനുവദിക്കില്ല. ഇത് തടയുന്നതിനുള്ള നടപടികൾ കർശനമാക്കും. വ്യാപാര സ്ഥാപനങ്ങളിൽ വിലവിവരപട്ടിക പൊതുജനങ്ങൾക്ക് കാണുന്ന നിലയിൽ പ്രദർശിപ്പിക്കണം. ഇത് സംബന്ധിച്ച് റവന്യൂ സിവിൽ സപ്ലൈസ്,ലീഗൽ മെട്രോളജി ഡിപ്പാർട്ട്‌മെന്റുകൾ സംയുക്തമായി കടകളിൽ പരിശോധന നടത്തും. സർക്കാർ അനുവാദം നൽകിയിട്ടുള്ള അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് ജീവനക്കാർ കടകളിലേക്ക് വന്നു പോകുന്നതിന് ആവശ്യമായ പാസ് പൊലീസ് ഇൻസ്‌പെക്ടർമാർ വിതരണം ചെയ്യും. സർക്കാർ നിർദ്ദേശം ലംഘിക്കുന്നതും കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതുമായ കടകളെ സംബന്ധിച്ച ചില പരാതികൾ ഇതിനോടകം തന്നെ ഉയർന്നു വന്നിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും ലൈസൻസ് അടക്കം വേണ്ടിവന്നാൽ റദ്ദ് ചെയ്യുന്നതിനും യോഗം തീരുമാനിച്ചു .ഒരേ സാധനങ്ങൾക്ക് ഒരേ ടൗണിൽ വ്യത്യസ്ത വിലകൾ ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ഈ വിഷയം ഗൗരവത്തോടുകൂടി പരിശോധിച്ച് നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
കോന്നി നിയോജക മണ്ഡലത്തിലെ ജനങ്ങൾ നിയന്ത്രണങ്ങളുടെ ഭാഗമായി പുറത്തിറങ്ങുന്നത് പൂർണമായും ഒഴിവാക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. അവശ്യസാധനങ്ങൾ വാങ്ങുന്നതിനും മരുന്നു വാങ്ങുന്നതിനും എന്ന പേരിൽ ധാരാളം ആളുകൾ പുറത്തിറങ്ങുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി .കൈത്താങ്ങ് ' എന്ന പേരിൽ എം.എൽ.എ ഒാഫീസ് കേന്ദ്രമാക്കി പൊതുജന സഹായ കേന്ദ്രം മാർച്ച് 26ന് രാവിലെ 10 മണി മുതൽ പ്രവർത്തനമാരംഭിക്കും. കോന്നി നിയോജക മണ്ഡലത്തിലെ താമസക്കാർക്ക് 24 മണിക്കൂറും അവശ്യസാധനങ്ങളും, മരുന്നുകളും, പാകം ചെയ്ത ഭക്ഷണവും വാങ്ങി എത്തിക്കുന്നതിനായി ഈ സഹായ കേന്ദ്രത്തിലേക്ക് ഫോൺ മുഖേന ബന്ധപ്പെടാൻ കഴിയും.
യോഗത്തിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, പൊലീസ് ഇൻസ്‌പെക്ടർമാരായ ബി.രാജേന്ദ്രൻ, എസ്.അഷദ് ,ബി.അയൂബ് ഖാൻ, റ്റി.ബിജു, രാജേന്ദ്രൻ പിള്ള, എം.ജി.വിനോദ് ,ഡപ്യൂട്ടി തഹസീൽദാർ സി.കെ.സജീവ് കുമാർ, വ്യാപാരി വ്യവസായി സംഘടനാ നേതാക്കളായ റ്റി.രാജഗോപാൽ, സന്തോഷ് മാത്യു ,ജോർജ്, കലഞ്ഞൂർ ശ്രീകുമാർ ,മാണിക്യം കോന്നി, ഗോപിനാഥൻ നായർ എന്നിവർ പങ്കെടുത്തു. സഹായക കേന്ദ്രവുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ: 0468 2343330, 9447354955, 9020255044.