അടൂർ : ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞയും കേന്ദ്ര സർക്കാരിന്റെ ലോക്ക് ഡൗണും അവഗണിച്ചെത്തുന്നവർക്ക് മുന്നിലേക്കാണ് ദുബയിൽ നിന്നും എത്തിയ അടൂർ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചത്. എന്തു പറഞ്ഞാലും മനസ്സിലാകാത്ത ഒരുപറ്റം ആളുകൾക്ക് മുന്നിൽ കടുത്ത നിലപാടുമായി പൊലീസ് ഇന്നലെയും ശക്തമായി രംഗത്ത് എത്തിയപ്പോഴും ഇതെല്ലാം തങ്ങൾക്ക് പുല്ലാണെന്ന മനോഭാവത്തിലാണ് ജനം സ്വന്തം വാഹനങ്ങളിൽ നഗരത്തിലേക്ക് പ്രവേശിച്ചത്. അനിയന്ത്രിതമായ വാഹന വ്യൂഹമാണ് ഇന്നലെ നഗരത്തിലേക്ക് പ്രവേശിച്ചത്. പൊലീസ് കടുത്ത നിലപാടാണ് ഇന്നലെ സ്വീകരിച്ചത്. നിരോധനാജ്ഞയും നിയന്ത്രണങ്ങളും മറിടന്ന് വന്ന പലവാഹനങ്ങളും തടഞ്ഞുനിർത്തി അവശ്യ സർവീസാണോ എന്ന് പരിശോധിച്ചു. അല്ലാത്ത 15 വാഹനങ്ങൾക്കെതിരേ അടൂർ പൊലീസും ഏനാത്ത് 11 ഉം, കൊടുമണ്ണിലും കൂടലിലും നാല് വാഹനങ്ങക്കെതിരേ കേസ് എടുത്തു. ഇതിന് 20 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഇൗ വാഹനങ്ങൾ ലോക് ഡൗൺ തീരുന്ന ദിവസത്തിന് ശേഷം മാത്രമേ സ്റ്റേഷനിൽ നിന്നും വിട്ടുകൊടുക്കൂ. ജില്ലാ അതിർത്തികളിലെ ചെക്കിംഗിന് പുറമേ 24 മണിക്കൂറും പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും ചേർന്ന് ഏനാത്ത്, അടൂർ ടൗൺ, പന്തളം, എന്നിവടങ്ങളിൽ പൊലീസിന്റെ പ്രത്യേക പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നു മുതൽ വാഹന ഗതാഗതത്തിന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഡി. വൈ. എസ്. പി ജവഹർ ജനാർദ്ദ് അറിയിച്ചു. ഇതിനിടെ ദുബയിൽ നിന്നും എത്തി കൊറോണാ സ്ഥിരീകരിച്ച ആൾ എവിടെയൊക്കെ പോയി എന്നത് സംബ്ന്ധിച്ച് പൊലീസ് റൂട്ട് മാർച്ച് തയ്യാറാക്കുന്ന ജോലിയിലാണ്. ഒപ്പം അടൂരിലെ ഒരു എ. ടി. എം ൽ ഇയാൾ 23 ന് പ്രവേശിച്ചു എന്നത് സംബന്ധിച്ചും ആരോഗ്യവകുപ്പ് അധികൃതർ മനസ്സിലാക്കിയിട്ടുണ്ട്. യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ നടക്കുന്ന ആളുകൾക്ക് എവിടെവച്ച് എപ്പോൾ എന്നത് സംബന്ധിച്ച ശക്തമായ തിരിച്ചറിയലിനാണ് അടൂർ സംഭവത്തോടെ വഴിയൊരുങ്ങുന്നത്.