adoor

അടൂർ : പൊലീസ് വാഹന പരിശോധന ശക്തമാക്കുകയും അടൂരിൽ ഒരു യുവാവിന് കൊറോണാ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തതോടെ നഗരത്തിൽ കറങ്ങാൻ ഇറങ്ങുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. ഇന്നലെ നഗരത്തിൽ ചുരുക്കം വാഹന യാത്രക്കാരാണ് എത്തിയത്. അതിലേറെയും ആശുപത്രി സംബന്ധമായ കാര്യത്തിന് ഇറങ്ങിയവരായിരുന്നു. ഒപ്പം വിവിധ വകുപ്പുകളിലെ ജീവനക്കാരുമുണ്ടായിരുന്നു. നഗരം ഏറെക്കുറെ വിജനമായതോടെ പൊലീസിനും തലവേദന ഒഴിഞ്ഞു. കെ.എസ്.ആർ.ടി.സി കോർണറിൽ പൊലീസ് വാഹനങ്ങൾ പരിശോധിച്ച് യാത്രയുടെ ആവശ്യകത ആരാഞ്ഞു. സ്കൂട്ടർ യാത്രക്കാരായ യുവാക്കളിൽ പലർക്കും മുന്നറിയിപ്പ് നൽകിയാണ് മടക്കിയത്.

വാഹനങ്ങൾ കസ്റ്റഡിയിൽ

മതിയായ രേഖകളും കാരണങ്ങളുമില്ലാതെ നിരത്തിലിറങ്ങിയ വാഹനങ്ങൾ ഇന്നലെയും കസ്റ്റഡിയിൽ എടുത്തു. അടൂരിൽ 9ഉം കൊടുമണ്ണിൽ 15ഉം ഏനാത്ത് ആറും കേസുകളാണ് എടുത്തത്. അടൂരിൽ മൂന്ന് ബൈക്കും ആട്ടോറിക്ഷയും ആപ്പേയും സ്കോർപ്പിയോയും കസ്റ്റഡിയിലെടുത്തു. ഏനാത്ത് ബൈക്കുകളും ഒരു ആട്ടോറിക്ഷയുമാണ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴ ജില്ലാ തിർത്തിയായ പഴകുളത്തും കൊല്ലം ജില്ലാതിർത്തിയായ ഏനാത്തും പൊലീസ് കർശന പരിശോധന നടത്തുന്നുണ്ട്. നാമമാത്രമായ കടകൾ മാത്രമാണ് നഗരത്തിൽ തുറന്നിട്ടുള്ളത്. പറക്കോട് മാർക്കറ്റിലും വളരെ കുറച്ചു ആളുകളാണ് എത്തിയത്.