kitchen

പത്തനംതിട്ട: കൊറോണ വാർഡിലെ അടുക്കളയിൽ പാകപ്പെടുന്നത് ആഹാരം മാത്രമല്ല, സ്നേഹത്തിന്റെയും കരുതലിന്റെയും രുചിയും മണവുമാണിവിടെ. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് കൊറോണ വാർഡിനോട് ചേർന്ന് അടുക്കള തുടങ്ങിയത്. ലോക്ക് ഡൗണിനെ തുടർന്ന് ജനറൽ ആശുപത്രിയിലെ കൊറോണ രോഗികൾക്ക് ഭക്ഷണം എത്തിക്കാൻ കഴിയാതെ വന്നതോടെയാണ് അടുക്കള സജ്ജീകരിച്ചത്. ചോറും ഇറച്ചിയും മീനുമെല്ലാം ഇവിടെ വിളമ്പുന്നു. ചക്കയും ചമ്മന്തിയും ചില ദിവസങ്ങളിൽ സ്പെഷ്യലുകളായെത്തും. കൊറോണ രോഗികൾക്കും ശുശ്രൂഷ ചെയ്യുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കുമുളള ഭക്ഷണം ആശുപത്രിയിലെ അടുക്കളയിൽ നിന്നാണ്. ഒരു ദിവസം അൻപത് പേർക്കുളള ഭക്ഷണം ഇവിടെയുണ്ടാക്കും. ഡയറ്റീഷ്യൻ സരസ്വതി, സ്റ്റാഫ് നഴ്‌സ് ഷാഹിന എന്നിവരാണ് പാചക കലയിലെ സ്പെഷ്യലിസ്റ്റുകൾ.

കുടുംബാംഗങ്ങളുമായി അകന്നു കഴിയുന്ന രോഗികളും ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും ആശുപത്രിയിൽ സൗഹൃദത്തിന്റെ പുതിയ ലോകം തുറന്നു.

ഒരു ദിവസം രോഗികൾ അടക്കം ശരാശരി പത്ത് പേർ ആശുപത്രിയിലെ എെസൊലേഷൻ വാർഡിലുണ്ടാകും. ഇവരെ പരിചരിക്കാൻ മൂന്ന് ഡോക്ടർമാർ. ശിശുരോഗം, ഇ.എൻ.ടി. മറ്റു വിഭാഗങ്ങൾ എന്നിവയിൽ നിന്നായി നാല് ഡോക്ടർമാർ വേറെയുമുണ്ട്. 15 സ്റ്റാഫ് നഴ്സുമാരും അവരെ സഹായിക്കാൻ ആശുപത്രി ജീവനക്കാരും ഒപ്പമുണ്ട്. വീടുകളിൽ നിന്ന് അകന്നു കഴിയുന്ന ഇവർ ആശുപത്രി വാർഡുകളിലാണ് താമസിക്കുന്നത്.

 '' ആശുപ്രതിയിൽ രോഗികളുമായി സൗഹൃദപരമായ ഇടപെടലുകളാണ്. നിരീക്ഷണത്തിലുളളവർക്ക് അഡ്മിറ്റായപ്പോൾ ഉണ്ടായിരുന്ന പിരിമുറക്കം കുറഞ്ഞിട്ടുണ്ട്. എല്ലാവരും ഇപ്പോൾ കടുബാംഗങ്ങളെപ്പോലെയാണ്.

ഡോ. സാജൻ മാത്യൂസ്,

ജനറൽ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ്.

 '' ദിനപത്രങ്ങൾ, പുസ്തകങ്ങൾ, വസ്ത്രങ്ങൾ എല്ലാം സമ്മാനിച്ച് അവർ ശുശ്രൂഷയിലുളളവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ്. ജീവനക്കാർക്ക് ഇതു നൽകുന്നത് സന്തോഷത്തിന്റെ നിമിഷങ്ങൾ.

ഡോ.ആശിഷ് മോഹൻകുമാർ,

ആർ.എം.ഒ, ജനറൽ ആശുപത്രി