പത്തനംതിട്ട: ലോക്ക് ഡൗണിന്റെ ഭാഗമായി പൊലീസ് കർശന നടപടികൾ സ്വീകരിച്ചതോടെ റോഡിലെത്തുന്നവരുടെ എണ്ണം കുറഞ്ഞു. ലോക് ഡൗണിന്റെ മൂന്നാം ദിനമായ വ്യാഴാഴ്ച നഗരത്തിൽ വലിയ തിരക്ക് ഉണ്ടായില്ല. എന്നാൽ നിരോധനാജ്ഞ നിർദ്ദേശങ്ങൾ ലംഘിച്ചതിന്റെ പേരിൽ വ്യാഴാഴ്ചയും കുറെ പേരുടെ പേരിൽ കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച പൊലീസ് കർശന പരിശോധനകളുമായി നഗരത്തിലെ പ്രധാന ട്രാഫിക്ക് പോയിന്റുകളിൽ നിലയുറപ്പിച്ചിരുന്നു. അത്യാവശ്യ ആവശ്യങ്ങളുമായി എത്തിയവരെ മാത്രമാണ് കടത്തിവിട്ടത്. ഏതാനും പലചരക്ക് കടകളും മെഡിക്കൽ ഷോപ്പുകളും മാത്രമാണ് തുറന്നത്. നഗരത്തിലെ പഴം - പച്ചക്കറി കടകളിൽ ചിലത് തുറന്നു. തമിഴ്നാട്ടിൽ നിന്ന് പച്ചക്കറി വരവ് നിലച്ചതോടെ കടകളിൽ പച്ചക്കറി സ്റ്റോക്ക് ഇല്ല. അമിത വില ഈടാക്കുന്നതായുള്ള പരാതികളെ തുടർന്ന് കഴിഞ്ഞ ദിവസവം സപ്ളൈ ഓഫീസർമാരുടെ നേതൃത്വത്തിൽ കടകളിൽ മിന്നൽ പരിശോധന നടന്നു. പലയിടത്തും വിലവിവരം പ്രദർശിപ്പിക്കുന്നില്ല. നാട്ടിൻ പുറങ്ങളിലെ കടകളിൽ ഇപ്പോഴും സാധനങ്ങൾക്ക് അമിത വിലയാണ് വാങ്ങുന്നത്. നഗരപ്രദേശത്ത് മാത്രമാണ് പരിശോധന നടക്കുന്നത്. ഇന്നലെ സാവാളക്ക് ഒരു കിലോക്ക് 60 രൂപ വരെ പല കടകളിലും വാങ്ങി.

കോഴി വില കൂടി

പക്ഷിപ്പനിയെ തുടർന്ന് ചിക്കന് തീരെ വിലയില്ലായിരുന്നു. ആഴ്ചകളായി ജില്ലയിലേക്ക് ഇറച്ചിക്കോഴി വരവും നിലച്ചിരിക്കയാണ്. ആവശ്യക്കാരും കുറവാണ്. ഒരു കിലോ കോഴിയിറച്ചിക്ക് 30 വരെയായിരുന്നു വില. എന്നാൽ ഇന്നലെ കോഴി ഇറച്ചിക്ക് 85 രൂപ വരെ വാങ്ങി.

പരിശോധന നടത്തി

ഇന്നലെ കോഴഞ്ചേരി താലൂക്ക് സപ്ളൈ ഓഫീസറുടെ നേതൃത്വത്തിൽ കുമ്പഴ, പത്തനംതിട്ട മാർക്കറ്റ്, ഓമല്ലൂർ എന്നിവിടങ്ങളിൽ പരിശോധന നടന്നു. സവാള , ചെറിയ ഉള്ളി, തക്കാളി എന്നിവ കൂടിയ വിലയിൽ വില്പന നടത്തുന്നതായി കണ്ടു. ഇവർക്ക് താക്കീത് നൽകിയിട്ടുണ്ട്.