അടൂർ : കൊറോണ അടൂരിലും സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കി. ആരോഗ്യമേഖലയിലെ പ്രവർത്തനം കൂടുതൽ ജാഗരൂഗമാക്കുന്നതിനായി ഇന്നലെ ചിറ്റയം ഗോപകുമാർ എം. എൽ. എ യുടെ അദ്ധ്യക്ഷതയിൽ ആർ. ഡി. ഒ ഒാഫീസിൽ പ്രത്യേക യോഗം വിളിച്ചുചേർത്തു.

യു. എ. ഇയിൽ നിന്ന് എത്തിയ അടൂർ സ്വദേശിയായ യുവാവിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് യുവാവിന്റെ വീട്ടിലുള്ളവരേയും കുടുംബ വീട്ടിലുള്ളവരേയും നിരീക്ഷണത്തിലാക്കി.. അടൂർ പതിനാലാംമൈലിലുള്ള ഭാര്യപിതാവ്, മാതാവ്, എയർപോർട്ടിൽ നിന്ന് യുവാവിനെ കൂട്ടിക്കൊണ്ടുവന്ന ഡ്രൈവർ, അയാളുടെ കുടുംബം നമ്പർക്കത്തിലേർപ്പെട്ട ആളുകൾ എന്നിവർ വീടുകളിൽത്തന്നെ കഴിയാൻ നിർദ്ദേശം നൽകി. ഇവരിൽ ആർക്കും രോഗബാധയുടെ ലക്ഷണങ്ങളില്ല. ഇതിനിടെ സോഷ്യൽ മീഡിയായിലൂടെ ഒട്ടേറെ വ്യാജ പ്രചാരണങ്ങൾ നടത്തിയതോടെ നാട്ടുകാർ ഏറെ ഭയചികിതരായി. അടൂർ ജനറൽ ആശുപത്രിയിലും പ്രൈവറ്റ് ബസ് സ്റ്റാൻഡിന് പടിഞ്ഞാറുമുള്ള എസ്. ബി. ഐ യുടെ എ. ടി. എമ്മിലും മാത്രമാണ് യുവാവ് പ്രവേശിച്ചത്. ഇതിനിടെ അടൂർ ജനറൽ ആശുപത്രിയിലെ എെസോലേഷൻ വാർഡിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞുവന്ന ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ ഇവരെ ഡിസ് ചാർജ്ജ് ചെയ്തു. രണ്ടുപേർ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. കുവൈറ്റിൽ നിന്ന് വന്ന ഒരു യുവാവും തൃശിനാപ്പള്ളി കോയമ്പത്തൂർ വഴി വന്ന മറ്റൊരു യുവാവും. ഇവരുടെ സാമ്പിളുകളുടെ ഫലം കൂടി പുറത്തുവരാനുണ്ട്.

----------------

അടൂർ നിയോജക മണ്ഡലത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർ - 1291

കൂടുതൽ അടൂർ നഗരസഭയിൽ - 289 പേർ.

കുറവ് പന്തളം തെക്കേക്കര പഞ്ചായത്തിൽ - 52 പേർ