പത്തനംതിട്ട: ലോക്ക് ഡൗണിനെ തുടർന്ന് ചെങ്ങറ, ആറൻമുള സമരകേന്ദ്രങ്ങളിൽ താമസിക്കുന്നവർ പട്ടിണിയിലേക്ക്. രണ്ടിടത്തുമായി ആയിരങ്ങളാണ് ദുരതത്തിലായത്. പുറത്ത് പോയി കൂലിപ്പണി ചെയ്യുന്നവരാണ് ചെങ്ങറ സമരഭൂമിയിലും ആറൻമുള സമരഭൂമിയിലുമുളളത്. കൊറോണ ഭീതിയും ലോക്ക് ഡൗണും കാരണം ഇവിടെ താമസിക്കുന്നവർക്ക് ഒരാഴ്ചയായി പുറത്തേക്കു പോകാൻ കഴിയുന്നില്ല. ജോലി ചെയ്ത് സമ്പാദിച്ച പണം ഭക്ഷ്യസാധനങ്ങൾ വാങ്ങി തീർന്നതായി സമരഭൂമിയിലുളളവർ പറയുന്നു. സർക്കാരോ സന്നദ്ധ സംഘടനകളോ ഭക്ഷ്യസാധനങ്ങൾ എത്തിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. സ്വന്തമായി റേഷൻ കാർഡ് ഇല്ലാത്തവരാണ് ചെങ്ങറയിലും ആറൻമുളയിലും താമസിക്കുന്നത്. അതുകൊണ്ട് കൊറോണ പശ്ചാത്തലത്തിൽ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന സൗജന്യ അരിയും ഗോതമ്പും ഇവർക്ക് ലഭിക്കില്ല.
ചെങ്ങറയിൽ അറുന്നൂറിനടത്തും ആറൻമുളയിൽ മുപ്പതും കുടുംബങ്ങളാണുളളത്.
കുട്ടികളടക്കം കൂട്ടമായി താമസക്കുന്ന രണ്ട് സ്ഥലത്തും കൊറോണയുടെ പശ്ചാത്തലത്തിൽ ആരോഗ്യ പരിശോധന നടന്നില്ല. ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച ശേഷവും പുറത്ത് പല സ്ഥലങ്ങളിലായി ജോലിക്ക് പോയിട്ടുളളവർ ചെങ്ങറയിലും ആറൻമുളയിലുമുണ്ട്. ആരോഗ്യ വകുപ്പ് നിയോഗിച്ച ആശാ വർക്കർമാർ ആറൻമുള സമരഭൂമിയ്ക്ക് ചുറ്റുമുളള സ്ഥലങ്ങളിലെ വീടുകൾ സന്ദർശച്ച് ആരോഗ്യ വിവരം അന്വേഷിച്ചെങ്കിലും സമരഭൂമിയിൽ കയറിയില്ലെന്ന് പരാതിയുണ്ട്.
'' ആറൻമുളയിൽ അടിയന്തരമായി ജില്ലാ കളക്ടർ ഇടപെടണം. തൊഴിൽ ഇല്ലാത്തതു കാരണം സമരഭൂമിയിലുളളവർ പട്ടിണിയിലാണ്.
വി.കെ.രാമചന്ദ്രൻ, ആറൻമുള സമരസമിതി ചെയർമാൻ.
'' ഏകതാപരിഷത്തുകാർ ചെങ്ങറയിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കാമെന്ന് കളക്ടറെ അറിയിച്ചെങ്കിലും അനുവദിച്ചില്ല. സർക്കാർ ഭക്ഷ്യധാന്യങ്ങൾ നൽകുന്നുമില്ല.
ടി. ആർ. ശശി,
അംബേദ്കർ ഡവലപ്പ്മെന്റ് സൊസൈറ്റി ചെയർമാൻ.