പത്തനംതിട്ട: കൊറോണയുടെ പശ്ചാത്തലത്തിൽ സുരക്ഷാ സന്ദേശവുമായി മാസ്ക് നിർമ്മാണത്തിലാണ് കുടുംബശ്രീ യൂണിറ്റുകൾ.
കുടുംബശ്രീ ജില്ലാമിഷന്റെ കീഴിൽ ഏഴ് ബ്ലോക്കുകളിലായി 25 കുടുംബശ്രീ യൂണിറ്റുകളാണ് മാസ്ക് നിർ മ്മിക്കുന്നത്. 24000 കോട്ടൺ മാസ്‌കുകൾ ഇതിനോടകം നിർമ്മിച്ചുകഴിഞ്ഞു. 8000 മാസ്‌ക് വിവിധ ഡിപ്പാർട്ട്‌മെന്റുകളിലേക്കും ബാക്കിയുള്ളവ സംസ്ഥാന മിഷനലേക്കും എത്തിച്ചു. 200 മുതൽ 1500 മാസ്‌ക്‌വരെ ദിവസവും നിർമ്മിക്കുന്നുണ്ട്. ആവശ്യക്കാരുടെ ഓർഡർ ലഭിക്കുന്നതനുസരിച്ചു നിർമ്മിച്ചുനൽകും.
രണ്ടുതരം മാസ്‌ക്കുകളാണു യൂണിറ്റുകളിൽ നിർമ്മിക്കുന്നത്. ഒറ്റ ലെയറും രണ്ടു ലെയറും. ഒരു വട്ടം ഉപയോഗിച്ചശേഷം അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന കോട്ടൺ തുണികളാണ് ഇതിനായി ഉപയോഗിക്കുന്നത്. പച്ച, നീല, ചാര നിറങ്ങളിൽ മുഖാവരണങ്ങൾ ലഭിക്കും. ഒറ്റ ലെയർ മാസ്‌ക്കിന് പത്ത് രൂപയും രണ്ട് ലെയറിന് 15 രൂപയുമാണ് വില.