പത്തനംതിട്ട: ലോക്ക് ഡൗൺ നിർദ്ദേശങ്ങളുടെ ലംഘനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് പൊലീസ്. ജില്ലയിൽ 353 കേസുകൾ രജിസ്റ്റർ ചെയ്തു. 382 പേരെ അറസ്റ്റുചെയ്തു. 250 വാഹനങ്ങൾ പിടിച്ചെടുത്തതായി ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ അറിയിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അവഗണിച്ചതിന് എടുത്ത ആറു കേസുകളും ഇതിൽപ്പെടുന്നു. കൊറോണ നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗൺ നിർദ്ദേശങ്ങളോട് സഹകരിക്കാത്തവർക്കെതിരെ ശക്തമായ നടപടികൾ തുടരും.
യാത്രയ്ക്കിറങ്ങുന്നവർ യാത്രാലക്ഷ്യം ബോധ്യപ്പെടുത്താൻ ബാധ്യസ്ഥരാണ്. അനാവശ്യ യാത്ര അനുവദിക്കില്ല. അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ട യാത്രകൾക്ക് തടസമുണ്ടാകില്ല.
സാമൂഹ്യമായ ഇടപെടൽ ഒഴിവാക്കുന്നതിന് വ്യാപാരസ്ഥാപനങ്ങളിൽ വരുന്നവരും സ്റ്റാഫും നിർദ്ദിഷ്ട നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണം. വീടുകൾക്ക് പുറത്ത് ഇറങ്ങിനടക്കുന്നത് പരമാവധി ഒഴിവാക്കണം.
ലോക്ക് ഡൗൺ, നിരോധനാജ്ഞ ലംഘനങ്ങൾ തടയുന്നതിന് ജില്ലയിലെ പൊലീസിനെ മൂന്ന് ടേണുകളാക്കി 24 മണിക്കൂറും ലഭ്യമാകത്തക്കവിധം നിയോഗിച്ചിട്ടുണ്ട്. മുഴുവൻ സമയ വാഹനപരിശോധന കർശനമാക്കി.
എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെ നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊറോണ കൺട്രോൾ റൂമും എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം112 എന്ന ടോൾ ഫ്രീ നമ്പരിലുള്ള കൺട്രോൾ റൂമും ജില്ലാ പൊലീസ് ആസ്ഥാനത്ത് പ്രവർത്തനസജ്ജമാണ്.