kitchen
കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗൺയു. പി സ്കൂളിൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ തയ്യാറാക്കിയ ഭക്ഷണപ്പൊതികൾ ചിറ്റയം ഗോപകുമാർ എം. എൽ. എ നഗരസഭാ ചെയർപേഴ്സൺ സിന്ധുതുളസീധര കുറുപ്പിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിച്ചു തുടങ്ങി. ഇന്ന്മുതൽ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മണ്ഡലത്തിലുടനീളം സഞ്ചരിച്ച് ചിറ്റയം ഗോപകുമാർ എം. എൽ.എ വിലയിരുത്തി.ഒപ്പം നഗരസഭാ കൗൺസിൽ ഹാളിൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗവും ചേർന്നു.കുടുംബ ശ്രീ ജില്ലാ കോ- ഓർഡിനേറ്റർ കെ.വിധുവും എം.എൽ. എയ്ക്കൊപ്പം ഉണ്ടായിരുന്നു.അടൂർ നഗരസഭയിൽ രണ്ടിടത്താണ് കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിക്കുന്നത്.അടൂർ ടൗൺ യു.പിസ്കൂളിലും പറക്കോട്ടെ കുടുംബശ്രീ ഹോട്ടലിലും.ടൗൺ യു.പി സ്കൂളിലെ കിച്ചൺ ഇന്നുമുതൽ പ്രവർത്തിച്ചുതുടങ്ങും. എങ്കിലും ഇന്നലെ കുടുംബശ്രീ കഫേ യൂണിറ്റ് തയാറാക്കികൊണ്ടുവന്ന ഭക്ഷണപ്പൊതികൾ ചിറ്റയം ഗോപകുമാർ എം.എൽ.എ നഗരസഭാ ചെയ്ർപേഴ്സണ് കൈമാറി ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയർമാൻ ജി.പ്രസാദ്,കൗൺസിലർ ആർ.സനൽ കുമാർ,സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എസ്.മനോജ്,സി.പി.ഐ ജില്ലാ അസി.സെക്രട്ടറി ഡി.സജി എന്നിവരും സന്നിഹിതരായിരുന്നു.പന്തളം നഗരസഭയിൽ പന്തളം, കുരമ്പാല, ഏറത്ത് പഞ്ചായത്തിൽ ചൂരക്കോട് ഹരിശ്രീ ആഡിറ്റോറിയം,കടമ്പനാട് പഞ്ചായത്തിൽ കടമ്പനാട്,മണ്ണടി,പള്ളിക്കൽ പഞ്ചായത്തിൽ പള്ളിക്കൽ, പെരിങ്ങനാട്, പന്തളം തെക്കേക്കര പഞ്ചായത്തിൽ തട്ട ഗവ. എൽ. പി.എസ്, ഏഴംകുളം പഞ്ചായത്തിൽ മാങ്കൂട്ടം,ഏനാത്ത്, കൊടുമൺ, തുമ്പമൺ എന്നിവിടങ്ങളിലാണ് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നത്.നിർദ്ധനർ, കിടപ്പുരോഗികൾ, വയോജനങ്ങൾ,നിരാശ്രയർ,അലഞ്ഞു തിരുഞ്ഞുനടക്കുന്നവർ, ഒറ്റപ്പെട്ടു കഴിയുവന്നർ എന്നിവർക്ക് സൗജന്യമായും മറ്റുള്ളവർ ആവശ്യപ്പെടുന്ന മുറയ്ക്ക് 25 രൂപ നിരക്കിൽ സന്നദ്ധ പ്രവർത്തകർ വീടുകളിലും ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകുമെന്ന് ചിറ്റയം ഗോപകുമാർ എം. എൽ. എ പറഞ്ഞു.