konni

പത്തനംതിട്ട: കൊറോണ നിരീക്ഷണത്തിലുളളവരെ സഹായിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ ഇന്നലെ ജില്ലയിൽ സാമൂഹിക അടുക്കള തുടങ്ങി. ആളുകൾ കൂട്ടംകൂടി നിൽക്കരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും സർക്കാർ നൽകിയ നിർദേശം അടുക്കളയിലെ കറി മണത്തിന്റെ മുന്നിൽ ചിലർ മറന്നോ എന്നു സംശയം. പതിവ് ഉദ്ഘാടന മാമാങ്കങ്ങളും അരങ്ങേറിയതായി കരക്കമ്പി പ്രചരിക്കുന്നു. ചില കേന്ദ്രങ്ങളിൽ ഭക്ഷണം പാകം ചെയ്തവരും പൊതിച്ചോറുകൾ തയ്യാറാക്കിയവരും വേണ്ടത്ര സുരക്ഷാ മുൻകരുതലകൾ എടുത്തില്ലെന്നും ആക്ഷേപമുണ്ട്.

അടുക്കള ഉദ്ഘാടനം ആഘോഷമാക്കിയ സ്ഥലങ്ങളുമുണ്ട്. ആഘോഷമായി മാറി. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും കൂട്ടം കൂടി നിന്ന് ചടങ്ങുകൾ ഗംഭീരമാക്കി. ആളുകൾ ഒരു മീറ്റർ വീതം അകലം പാലിക്കണമെന്നാണ് സർക്കാർ നിർദേശം.

കൊറോണ നിരീക്ഷണത്തിലുളളവർ, കിടപ്പുരോഗികൾ, വയോജനങ്ങൾ, അലഞ്ഞു നടക്കുന്നവർ, ഒറ്റപ്പെട്ടു കഴിയുന്നവർ തുടങ്ങിയവർക്കുളള ഭക്ഷണം തയ്യാറാക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം സമൂഹ അടുക്കള തുടങ്ങിയത്. ജില്ലയിലെ നൂറുകണക്കിന് ആളുകൾക്ക് ഇത് ആശ്വാസമായി.

അതേസമയം, അടുക്കളയിൽ പ്രവർത്തിക്കുന്നവർ മാസ്ക്കും കയ്യുറയും സാനിറ്റൈസറും ഉപയോഗക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് എം.എൽ.എമാർ വ്യക്തമാക്കി.

 അടൂരിൽ ഏഴ് പഞ്ചായത്തിലും

രണ്ട് നഗരസഭയിലും സമൂഹ അടുക്കള

അടൂർ മണ്ഡലത്തിലെ ഏഴു പഞ്ചായത്തിലും രണ്ട് നഗരസഭയിലും സമൂഹ അടുക്കള ആരംഭിച്ചു. ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭയിൽ പന്തളം, കുരമ്പാല, അടൂർ നഗരസഭയിൽ അടൂർ ടൗൺ, പറക്കോട്, ഏറത്ത് ചൂരക്കോട്, കടമ്പനാട് ,മണ്ണടി, പള്ളിക്കൽ ആലുംമൂട്, പെരിങ്ങനാട്, പന്തളം േെക്കക്കര തട്ട ഗവ.എൽ.പി.എസ്, ഏഴംകുളത്ത് മാങ്കൂട്ടം, ഏനാത്ത്, കൊടുമൺ, തുമ്പമൺ എന്നിവിടങ്ങളിലാണ് സമൂഹ അടുക്കള ആരംഭിച്ചത്.

 പത്തനംതിട്ട നഗരസഭയിൽ

നഗരസഭയുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹകരണത്തോടെയാണു സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. ജനറൽ ആശുപത്രിയിലെ ഐസലേഷൻ വാർഡിലും കളക്ടറേറ്റിലും ആഹാരം എത്തിക്കുന്നു.
നഗരസഭ അദ്ധ്യക്ഷ റോസ്‌ലിൻ സന്തോഷ് ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷൻ എ.സഗീർ, സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.ജാസിംകുട്ടി, സിന്ധു അനിൽ, കൗൺസിലർമാരായ പി.കെ ജേക്കബ്, റോഷൻ നായർ, പി.കെ.അനീഷ്, പി.വി.അശോക് കുമാർ, അൻസർ മുഹമ്മദ്, നഗരസഭ സെക്രട്ടറി എ.എം മുംതാസ്, സി.ഡി.എസ് ചെയർപേഴ്‌സൺ മോനി വറുഗീസ് എന്നിവർ പങ്കെടുത്തു.

ഉച്ചഭക്ഷണം ആവശ്യമുള്ളവർ രാവിലെ 10.30 ന് മുമ്പ് അറിയിക്കണം. ഫോൺ: 0468 2222249.

 കോഴഞ്ചേരിയിൽ

പരസഹായം ഇല്ലാത്തവർക്കും വഴിയോരങ്ങളിൽ കഴിയുന്നവർക്കും ഭക്ഷണപ്പൊതികളുമായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്. വാർഡ്അംഗങ്ങളുടെ നേതൃത്വത്തിൽ അവർ ലഭ്യമാക്കിയിട്ടുള്ള ലിസ്റ്റ് പ്രകാരമാണ് സമൂഹ അടുക്കളയിൽ തയ്യാറാക്കിയ ഭക്ഷണം എത്തിക്കുന്നത്.
സർക്കാർ സൗജന്യറേഷൻ വീടുകളിൽ എത്തുന്നതുവരെയാണ് ആഹാരം എത്തിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹൻ പറഞ്ഞു. അതിഥി സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലെത്തി അവരുടെ ആവശ്യം മനസിലാക്കി അരിയും, പലവ്യഞ്ജനങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കും.

 ആറന്മുളയിൽ 18 അടുക്കള

ആറന്മുള മണ്ഡലത്തിൽ 18 സമൂഹ അടുക്കള ആരംഭിച്ചതായി വീണാ ജോർജ് എം.എൽ.എ പറഞ്ഞു. മല്ലപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിലെ അടുക്കളയിലെത്തി പാചക ക്രമീകരണങ്ങൾ എം.എൽ.എ വിലയിരുത്തി.
800ൽ അധികം ആളുകൾക്കുള്ള ഭക്ഷണം ആറന്മുള മണ്ഡലത്തിൽ ഒരുക്കുന്നുണ്ട്. ആറന്മുള വിമാനത്താവളത്തിനായി മാറ്റിവച്ച സ്ഥലങ്ങളിൽ താമസിക്കുന്ന 70 പേർക്കും ഭക്ഷണം നൽകും. അടുക്കളയിൽ പ്രവേശിക്കുന്നതിനു മുൻപായി ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം.
മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എം.എസ് സുചിത്ര, ഗീതാ കൃഷ്ണൻ, റോസമ്മ മത്തായി, വൈസ് പ്രസിഡന്റ് മിനി ജിജി ജോസഫ്, സെക്രട്ടറി വസന്ത കുമാർ, അസി. സെക്രട്ടറി അശോക് കുമാർ, കുടുംബശ്രീ ചെയർപേഴ്‌സൺ ടി.ബി.എസ്. ബിന്ദു, വില്ലേജ് ഓഫീസർ സരളാദേവി, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.

 കോന്നിയിൽ എല്ലാ പഞ്ചായത്തിലും അടുക്കള

കോന്നി മണ്ഡലത്തിൽ എല്ലാ പഞ്ചായത്തുകളിലും അടുക്കള ആരംഭിച്ചതായി കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ആവശ്യമുള്ള എല്ലാവരിലേക്കും ഭക്ഷണമെത്തിക്കും. കലഞ്ഞൂർ പഞ്ചായത്തിന്റെ കുടുംബശ്രീ കഫേയിൽ ആരംഭിച്ച അടുക്കള ജനീഷ് കുമാർ സന്ദർശിച്ചു.
ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, കോന്നി, കലഞ്ഞൂർ, ഏനാദിമംഗലം, മലയാലപ്പുഴ, മൈലപ്ര, പ്രമാടം, വള്ളിക്കോട്, അരുവാപ്പുലം എന്നീ പഞ്ചായത്തുകളിലാണ് അടുക്കള ആരംഭിച്ചത്.
കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ്, സെക്രട്ടറി ടി. സജീഷ്, പഞ്ചായത്ത് അംഗങ്ങളായ സിബി ഐസക്, പി.എസ് രാജു, കുടുംബശ്രീ സി.ഡി.എസ് നിഷാ ഷെരീഫ്. മുൻ പഞ്ചായത്ത് അംഗം ഗോപി റോയ് എന്നിവർ പങ്കെടുത്തു.

 തിരുവല്ലയിൽ എല്ലാ പഞ്ചായത്തിലും

തിരുവല്ല നിയോജക മണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും അടുക്കള ഒരുങ്ങിയതായി മാത്യു.ടി തോമസ് എം.എൽ.എ പറഞ്ഞു. കുന്നന്താനം, നെടുമ്പ്രം ഗ്രാമപഞ്ചായത്തുകളിലെ അടുക്കള അദ്ദേഹം സന്ദർശിച്ചു. തിരുവല്ല നഗരസഭ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്, ആനിക്കാട് ഗ്രാമപഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിലെ അടുക്കളകളും എം.എൽ.എ സന്ദർശിച്ചു.
കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാധാകൃഷ്ണകുറുപ്പ്, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി സുനിൽ കുമാർ, ജില്ലാ പഞ്ചായത്തംഗം എസ്.വി സുബിൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം ബിനിൽ കുമാർ, കുന്നന്താനം പഞ്ചായത്ത് സെക്രട്ടറി ഡി.ലക്ഷ്മി, നെടുമ്പ്രം പഞ്ചായത്ത് സെക്രട്ടറി ആർ.രാജേഷ്, കുന്നന്താനം സി.ഡി.എസ് ചെയർപേഴ്‌സൺ കമലമ്മ, ഗ്രാപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.