28-nellu
അപ്പർകുട്ടനാട്ടിലെ നെൽകൃഷി വിളവെടുപ്പും സംഭരണവും

തിരുവല്ല: കൊറോണ വൈറസ് രോഗവ്യാപനത്തെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ അപ്പർകുട്ടനാട്ടിലെ നെൽക്കൃഷി വിളവെടുപ്പും സംഭരണവും വൈകുമെന്ന ആശങ്കയുയരുന്നു. ജില്ലയിലെ പ്രധാന നെല്ലറയായ അപ്പർകുട്ടനാടൻ പാടശേഖരങ്ങളിൽ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വിളവെടുപ്പ് തുടങ്ങിയത്. വേങ്ങൽ പാടത്താണ് ആദ്യം കൊയ്ത്ത് തുടങ്ങിയത്. തമിഴ്നാട്ടിൽ നിന്നെത്തിച്ച അഞ്ച് കൊയ്‌ത്ത് ന്ത്രങ്ങൾ ഉപയോഗിച്ചു വളരെ വേഗത്തിലാണ് വിളവെടുപ്പ് നടന്നത്.മറ്റു പാടശേഖരങ്ങളിലും ഉടനെ കൊയ്ത്തു തുടങ്ങേണ്ടതാണ്.ഇതിനായി ഓരോ പാടത്തും യന്ത്രങ്ങൾ ഉപയോഗിച്ചു കൊയ്ത്തു നടത്താൻ കർഷകർ എഗ്രിമെന്റും നടത്തി കഴിഞ്ഞപ്പോഴാണ് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.ഇതുകാരണം നെല്ല് സംഭരണത്തിന് മറ്റു ജില്ലകളിൽ നിന്നും എത്തേണ്ട വാഹനങ്ങൾ വരുന്നില്ല. എറണാകുളം,തൃശൂർ,പാലക്കാട്,കോട്ടയം,ആലപ്പുഴ ജില്ലകളിലെ 51 മില്ലുകളാണ് സപ്ലൈകോ മുഖേന നെല്ല് സംഭരണത്തിന് ധാരണയായിട്ടുള്ളത്.

പ്രതിസന്ധി മറികടക്കാൻ ദിവസങ്ങള്‌

കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ നിന്നും ഈ മില്ലുകൾ നെല്ല് ശേഖരിച്ചശേഷം കർഷകർക്ക് രസീത് നൽകി പോകുന്നതാണ് രീതി.എന്നാൽ ഇത്തവണ കൊറോണ ഭീതിയെതുടർന്ന് മില്ലുകളുടെ വാഹനങ്ങൾ പലയിടത്തും തടഞ്ഞിട്ടതും ഡ്രൈവർമാർ ജോലിക്ക് വരാത്തതും അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോയതുമൊക്കെയാണ് പ്രശ്നത്തിന്റെ പ്രധാന കാരണം.പാടശേഖരങ്ങളിൽ കൂടുതൽപേർ കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്നാണ് സർക്കാർ നൽകിയ നിർദ്ദേശം.ഈ പ്രതിസന്ധികളെല്ലാം മറികടക്കാൻ കുറെ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.വിത്ത് വിതച്ച് 125 മുതൽ 140 ദിവസം വരെ വിളവെത്തിയ നെല്ലാണ് കൊയ്‌തെടുക്കുന്നത്.പ്രതിസന്ധി കണക്കിലെടുത്തു പരമാവധി ദിവസം കഴിഞ്ഞു കൊയ്ത്തു നടത്തുന്നതാണ് അഭികാമ്യം. ഇതിനിടെ മഴ പെയ്താൽ കൃഷിയെ ദോഷകരമായി ബാധിക്കുമെന്ന് കർഷകർ പറയുന്നു.കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിലെ നെല്ല് ഈർപ്പം തട്ടാതെ സൂക്ഷിക്കുന്നതും ബുദ്ധിമുട്ടാണ്.നെല്ല് സംഭരണ കേന്ദ്രങ്ങൾ ഇവിടെയില്ലാത്തതും കർഷകരെ അലട്ടുന്നു.സർക്കാർ ഇടപെട്ടെങ്കിലും പരിഹാരത്തിന് വ്യക്തത ഇല്ല.

സംഭരണ വില 26.95 രൂപ

ഒരുകിലോ നെല്ല് ഇത്തവണ കർഷകരിൽ നിന്നും സംഭരിക്കുന്നത് 26.95രൂപ നിരക്കിലാണ്.ഇതിൽ 18.15രൂപ കേന്ദ്ര സർക്കാരും 8.80രൂപ സംസ്ഥാന സർക്കാരുമാണ് നൽകുന്നത്.അപ്പർകുട്ടനാട്ടിലെ ഭൂരിഭാഗം കർഷകരും വിളവെടുത്ത നെല്ല് സിവിൽ സപ്ലൈസ് മുഖേനയാണ് സംഭരിക്കുന്നത്.

നെല്ല് സംഭരണത്തില്‌ മറ്റ് ജില്ലകളില്‌ നിന്ന് വാഹനങ്ങള്‌ വരുന്നില്ല

മറ്റു ജില്ലകളിലെ 51 മില്ലുകള്‌ സംഭരണത്തിന് ധാരണയായിരുന്നു