തണ്ണിത്തോട്: അതിർത്തിയിലെ ചരക്ക് നീക്കം നിലച്ചതോടെ മലയോര മേഖലയിലെ വിപണികളിൽ പച്ചക്കറിക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. തണ്ണിത്തോട്, മലയാലപ്പുഴ, കോന്നി, അരുവാപ്പുലം, കലഞ്ഞൂർ, പഞ്ചായത്തുകളിലെ വ്യാപാര കേന്ദ്രങ്ങളിൽ പച്ചക്കറികൾക്ക് ക്ഷാമം ആയി തുടങ്ങി. കോയമ്പത്തൂർ, മേട്ടുപാളയം, ഓട്ടംചത്രം, തിരുനെൽവേലിക്കടുത്തുള്ള ആലംകുളം എന്നിവിടങ്ങളിൽ നിന്നാണ് കോന്നി നാരായണപുരം ചന്തയിൽ പച്ചക്കറിയെത്തുന്നത്. തമിഴ്നാട്ടിലെ വ്യാപാര കേന്ദ്രങ്ങൾ സാധനങ്ങൾ അയയ്ക്കുന്നത് നിറുത്തിയിരിക്കുകയാണ്. കോയമ്പത്തൂർ, മേട്ടുപാളയം എന്നിവടങ്ങളിൽ നിന്ന് ബുധൻ, ശനി ദിവസങ്ങളിലാണ് പച്ചക്കറി വാഹനങ്ങൾ എത്തിയിരുന്നത്. തിരുനെൽവേലിയിലെ ആലംകുളത്ത് നിന്ന് ആഴ്ചയിൽ മൂന്നും നാലും ദിവസങ്ങളിൽ പച്ചക്കറികൾ എത്തുമായിരുന്നു.ലോക്ക് ഡൗണിന് ശേഷം ചെറിയ ഉള്ളി, സാവാള എന്നിവയ്ക്കാണ് വിലയുയർന്നത്. സവാളയ്ക്ക് കിലോയ്ക്ക് 60 രൂപ വരെയെത്തി. അടുത്ത നാലു ദിവസങ്ങൾക്കുള്ളിൽ കടകളിലെ പച്ചക്കറി തീരുമെന്നാണ് വ്യാപാരികൾ പറയുന്നത്.