അടൂർ : നിരോധനാജ്ഞ ലംഘിച്ച് നിരത്തിലിറങ്ങിയവർക്കെതിരെ പൊലീസ് ഇന്നലെ കൂടുതൽ കേസുകളെടുത്ത് വാഹനങ്ങൾ പിടിച്ചെടുത്തു. കൊടുമണ്ണിൽ 14 കേസുകൾ രജിസ്റ്റർ ചെയ്തു. അത്രയും വാഹനങ്ങളും പിടികൂടി. തോലുഴം, ചന്ദനപ്പള്ളി, കൊടുമൺ ജംഗ്ഷനുകളിലാണ് പ്രധാന പരിശോധനകൾ നടക്കുന്നത്. ഏനാത്ത് പൊലീസും 14 കേസുകളെടുത്തു. ഏഴാംമൈൽ, കടമ്പനാട്, ഏനാത്ത്, പുതുവൽ എന്നിവടങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ടീമിനെ നിയമിച്ചിട്ടുണ്ട്. അടൂരിൽ ഇന്നലെ 36 പേർക്കെതിരെ കേസെടുക്കുകയും 26 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. നെല്ലിമൂട്ടിൽ പടി, പറക്കോട്, അടൂർ ടൗൺ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാന പരിശോധന. ഇതിന് പുറമേ വിവിധ വാഹനങ്ങളിലും പൊലീസ് പരിശോധനയ്ക്ക് ഇറങ്ങുന്നുണ്ട്. ഇടവഴികളിലും പോക്കറ്റ് റോഡുകളിലും വരെ പൊലീസ് എത്തിതുടങ്ങി. പരിശോധന കർശനമാക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കാനും തുടങ്ങിയതോടെ നിരത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. അവശ്യ സർവ്വീസുകൾക്കുള്ള വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. നിരത്തിൽ ഇറങ്ങിയതിലധികവും ആശുപത്രികളിലും മെഡിക്കൽ സ്റ്റോറുകളിലും പോകുന്നവരായിരുന്നു. നിയന്ത്രണം കർക്കശമാക്കിയതോടെ വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് കുറവാണ്.