പരാതികൾ 04692782374, 9188527351 എന്നീ നമ്പറുകളിൽ അറിയിക്കാം
മല്ലപ്പള്ളി: ലോക് ഡൗണിന്റെ മറവിൽ പലചരക്ക് പച്ചക്കറി എന്നിവയ്ക്ക് വില കൂടി വിൽക്കുന്നെന്ന പരാതിയെ തുടർന്ന് മല്ലപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലുള്ള പലചരക്ക് പച്ചക്കറി വ്യാപാര ശാലകളിൽ മല്ലപ്പള്ളി താലൂക്ക് സപ്ലൈ ആഫീസറുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി പരിശോധന നടത്തി.വിലവിവര പട്ടിക എഴുതി പ്രദർശിപ്പിക്കാത്തതിനും അമിത വില ഈടാക്കുന്നതിനും എതിരെ വ്യാപാരികൾക്ക് കർശന മുന്നറിയിപ്പ് നൽകി.കിഴങ്ങ്,ഉളളി സവോള എന്നിവയ്ക്ക് വില കൂടുതൽ ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ട കടകളിൽ വിലകുറച്ച് കൊടുക്കുന്നതിന് നിർദ്ദേശം നൽകി.ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച കുപ്പിവെള്ളത്തിന് 15രൂപ ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇത് സര്‌ക്കാര്‌നിർദ്ദേശത്തിന് എതിരായതിനാൽ വ്യാപാരികൾക്ക് കർശനമായ മുന്നറിയിപ്പ് നൽകി.കുപ്പി വെളളത്തിന് ഉപഭോക്താക്കൾ യാതൊരു കാരണവശാലും 13 രൂപയിൽ കൂടുതൽ നൽകരുതെന്ന് താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു.തുടർന്നും പൊതുവിപണിയിലെ പരിശോധന ശക്തിപ്പെടുത്തുമെന്നും ക്രമക്കേട് കാണിക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു.താലൂക്ക് സപ്ലൈ ആഫീസർ ആർ.അഭിമന്യു, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ സുഭാഷ്.കെ,സോജോ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉപഭോക്താക്കളുടെ പരാതികൾ 04692782374, 9188527351 എന്നീ നമ്പറുകളിൽ അറിയിക്കാം. താലൂക്കിലെ എല്ലാ റേഷൻ കടയിലും എ.എ.വൈ കാർഡിനുള്ള പഞ്ചസാര ലഭ്യമാണ്.ഈ മാസത്തെ പഞ്ചസാര വാങ്ങിയിട്ടില്ലാത്ത ഉപഭോക്താക്കൾ 31ന് മുമ്പ് വാങ്ങേണ്ടതാണെന്നും താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു.